പോത്തൻകോട്: ചന്തവിളയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങളുമായി വിനോദ യാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞ് പിടികൂടി. ഇന്നലെ വൈകിട്ട് കൊല്ലം കൊട്ടിയത്തുവച്ചാണ് ചേർത്തലയിലെ 'വൺസ്' എന്ന ബസിനെ തടഞ്ഞത്. ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു ബസ് എത്തിച്ച് വിദ്യാർത്ഥികളുടെ യാത്ര തുടരാൻ അനുവദിച്ചു.

ടൂർ പോകുന്നതിന് ഏതാനും ദിവസം മുമ്പ് അനുമതി ചോദിച്ച് കോളേജ് അധികൃതർ കഴക്കൂട്ടം ആർ.ടി.ഒയ്ക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു. തുടർന്ന് പരിശോധനയ്ക്ക് ബസ് ഹാജരാക്കിയപ്പോൾ അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ ശ്രദ്ധയിൽപെട്ടു. അവ നീക്കം ചെയ്തശേഷം വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ടൂർ പോകേണ്ട ദിവസമെത്തിയിട്ടും എത്തിച്ചില്ല.

ഇന്നലെ വൈകിട്ട് ഉദ്യോഗസ്ഥർ കോളേജുമായി ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ജി.പി.എസ് വഴി ബസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കണ്ടെത്തിയത്. ആർ.ടി.ഒ അനുമതി കിട്ടിയെന്ന് ടൂർ ഓപ്പറേറ്റർ അറിയിച്ചതിനെ തുടർന്നാണ് യാത്രപോകാൻ അനുമതി നൽകിയതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.