പാലോട്: വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 7ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.സ്കൂളുകളിൽ നിർമ്മാണം പൂർത്തിയായതും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.

രാവിലെ 10ന് കിഫ്ബി ഫണ്ട് 1 കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പനവൂർ പഞ്ചായത്തിലെ ആട്ടുകാൽ യു.പി.എസിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം.10.30ന് പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി 10 ലക്ഷംരൂപ ചെലവാക്കി നിർമ്മിക്കുന്ന കല്ലറ പഞ്ചായത്ത് പരപ്പിൽ എൽ.പി സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും.11ന് കല്ലറ പഞ്ചായത്തിലെ കുറുമ്പയം എൽ.പി സ്കൂളിനായി പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം.11.30ന് പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനായി 95 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന കിച്ചൺ,ഡൈനിംഗ് ഹാളിന്റെയും നിർമ്മാണോദ്ഘാടനവും മണ്ഡലത്തിലെ 10 ഹയർ സെക്കൻഡറി സ്കൂളുകൾക്കായി നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജലഗുണനിലവാര പരിശോധനാ ലാബുകളുടെ ഉദ്ഘാടനവും.

ഉച്ചയ്ക്ക് 2ന് പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർ കോളനി ഹൈസ്കൂളിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 2 കോടി ചെലവിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം. 2.30ന് പെരിങ്ങമ്മല യു.പി സ്കൂളിനായി കിഫ്ബി മുഖാന്തിരം 1 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം. 3ന് നന്ദിയോട് പഞ്ചായത്തിലെ പാലോട് എൽ.പി സ്കൂളിൽ എസ്.എസ്.കെ സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീ പ്രൈമറി വിഭാഗത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം. അഡ്വ.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എം.പിമാരായ അടൂർ പ്രകാശ്,എ.എ.റഹിം തുടങ്ങിയവർ പങ്കെടുക്കും.