
വിഴിഞ്ഞം: വിയറ്റ്നാമിൽ നിന്നുള്ള വിദഗ്ദ്ധ സംഘം വെള്ളായണി കാർഷിക കോളേജ് സന്ദർശിച്ചു. വിയറ്റ്നാമിലെ ബെൻട്രെ പ്രൊവിൻസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും, ബിസിനസ് മേഖലയിൽ നിന്നുള്ളവരും ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘമാണ് സന്ദർശിച്ചത്. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലയിലള്ള സഹകരണ സാദ്ധ്യതകളെ പറ്റിയുള്ള പഠന ഭാഗമായാണ് സന്ദർശനം. വിദഗ്ദ്ധ സംഘം കാർഷിക കോളേജിന്റെ ഹരിത കാമ്പസും, വിവിധ ലബോറട്ടറികളും സന്ദർശിച്ച് സർവകലാശാലയിലെ വിദഗ്ദ്ധരുമായി ചർച്ച നടത്തി.
പ്രൊവിൻഷ്യൽ പാർട്ടി കമ്മിറ്റിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായ ട്രാൻനഗോക്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ആരോഗ്യം, വിവരസാങ്കേതികവിദ്യ, വ്യവസായം - വാണിജ്യം, കൃഷിയും ഗ്രാമവികസനവും, സാംസ്കാരിക - കായിക - ടൂറിസം, ആസൂത്രണം - നിക്ഷേപം എന്നീ ഡിപ്പാർട്മെന്റുകളിലെ ഡയറക്ടർമാർ, നിക്ഷേപകർ എന്നിവരടങ്ങിയ സംഘത്തെ കേരള കാർഷിക സർവകലാശാല റജിസ്ട്രാർ ഡോ.സക്കീർ ഹുസൈൻ.ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ,ഡയറക്ടർ ഒഫ് റിസർച്ച് ഡോ.ലത.എ എന്നിവർ സ്വീകരിച്ചു.