
ഉദിയൻകുളങ്ങര: ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്കൂൾ നടയിൽ അജ്ഞാത സംഘം അനധികൃതമായി ഇറക്കിയ പാറപ്പൊടിയും മെറ്റലും വിദ്യാർത്ഥികൾക്ക് ദുരിതം വിതയ്ക്കുന്നു.കഴിഞ്ഞ ഒന്നര മാസക്കാലമായി പാറപ്പൊടിയും മെറ്റലും ഇവിടെ കിടക്കുന്നത് മൂലം വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഇവിടെ വഴുതി വീണ് പരിക്കുപറ്റുന്നുണ്ട്. സ്കൂൾ മതിൽ മുതൽ റോഡ് വരെ മെറ്റൽ കൊണ്ടിട്ടിരിക്കുന്നതിനാൽ റോഡിലേക്ക് കയറി നടക്കേണ്ടി വരികയും അതുമൂലം അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ഏറെ തിരക്കനുഭവപ്പെടുന്ന ഇടമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അടിയന്തരമായി മെറ്റൽ നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്തിനും മറ്റ് അധികൃതർക്കും സ്കൂൾ അധികൃതർ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.