ഉദിയൻകുളങ്ങര:പെരുങ്കടവിള പുന്നയൽക്കോണം റോഡിൽ സ്ഥിരമായി മാലിന്യ നിക്ഷേപമെന്ന് പരാതി. അധികൃതരുടെ അടിയന്തര ശ്രദ്ധ വേണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ബാർബർ ഷോപ്പുകളിൽ നിന്ന് മുടിമാലിന്യം ചാക്കുകളിലാക്കി റോഡിൽ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. സമീപവാസികൾ പരാതിപ്പെട്ടതിനാൽ പഞ്ചായത്തിൽ നിന്നും ഹരിതകർമ്മസേനാ പ്രവർത്തകരെത്തിയാണ് ഇത് റോഡിൽ നിന്ന് മാറ്റിയത്. യാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് ഇവിടെ ദുർഗന്ധം പരക്കുന്നത്. കൂടാതെ മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം കാരണം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്.പലതവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇവിടെ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനോ അറിയിപ്പ് ബോർഡ് വയ്ക്കുന്നതിനോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.