
ഉദിയൻകുളങ്ങര: തമിഴ്നാട് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ എക്സൈസ് പരിശോധന പേരിന് മാത്രമാകുന്നു. അമരവിള പാലത്തിനു സമീപം ഗ്രാമത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സ്ഥിരം സംഘത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു സമയം പരിശോധനയ്ക്ക് കാണുന്നത് അഞ്ചിൽ താഴെ ജീവനക്കാർ മാത്രമാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ ഈ ജീവനക്കാരെ മാത്രം ഉപയോഗിച്ച് നടത്തുന്ന പരിശോധന പ്രഹസനമാവുകയാണ്.
സ്ത്രീകളെ പരിശോധിക്കാൻ വനിതാ ഓഫീസർമാർ വേണമെന്ന നിയമം നിലനിൽക്കെ വനിതകൾ യാത്രചെയ്യുന്ന വാഹനങ്ങൾ പരിശോധിക്കുന്നില്ലെന്നും ആരോപണമുണ്ട്. പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനങ്ങളൊന്നും തന്നെയില്ല. ഒപ്പം വനിതാ ജീവനക്കാരില്ലാത്തത് ലഹരി സംഘങ്ങൾ മറയാക്കുന്നു എന്നാണ് ആരോപണമുയരുന്നത്. ലഹരി മാഫിയാ സംഘങ്ങൾ സ്ത്രീകളെ ഉപയോഗിച്ച് അമരവിള വഴി വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നതായാണ് വിവരം. ചില ദിവസങ്ങളിൽ വനിതാ ജീവനക്കാരുണ്ടായാൽ പോലും പരിശോധന പേരിനു മാത്രമാകും. അടുത്തിടെ നെയ്യാറ്റിൻകര പത്താംകല്ലിൽ 125 കോടിയുടെ എം.ഡി.എം.എയാണ് കേന്ദ്ര ഏജൻസി പിടികൂടിയത്. ഇതുവഴി കടത്തി കൊണ്ടുവന്നതാണെന്നാണ് വിവരം. വനിതാ ജീവനക്കാർ രാത്രിയിലുണ്ടാവില്ല എന്നതും ലഹരി സംഘങ്ങൾ മറയാക്കുകയാണ്.
വേണ്ടത്ര ജീവനക്കാരില്ലാതെ...
നെയ്യാറ്റിൻകര,അമരവിള എക്സൈസ് ഓഫീസുകൾ ജീവനക്കാരില്ലാതെ പൊറുതി മുട്ടുകയാണ്. ഇവിടത്തെ വനിതാ ജീവനക്കാർക്ക് ഓഫീസ് ഡ്യൂട്ടിയാണധികവും. ഒപ്പം സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പെയിൻ കൂടിയായപ്പോൾ സ്റ്റേഷൻ കാലിയാക്കി ജീവനക്കാർ സ്കൂളുകളിലും റസിഡന്റ്സ് അസോസിയേഷൻ പരിപാടികളിലും ബോധവൽക്കരണവുമായി പോകുന്ന സ്ഥിതിയാണ്. ഈ അവസരം ലഹരി മാഫിയയ്ക്ക് കൂടുതൽ സഹായകമായി മാറി. എക്സൈസ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തി, ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച്, ശാസ്ത്രീയ സംവിധാനങ്ങളടക്കം ഉപയോഗിച്ച് പരിശോധന ശക്തമാക്കിയാലേ ലഹരിക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കാനാകൂ.