ajith

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ അക്രമിച്ച സംഭവത്തിൽ പൊലീസ് രേഖാചിത്രം പുറത്തിറക്കിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു. ഫുട്ബാൾ താരം മെസിക്കൊപ്പം വരെ ഉപമ പോയി. അവിടെയും നിന്നില്ല, താടിയുള്ള പ്രമുഖരെയെല്ലാം ട്രോളി. എന്നാൽ പ്രതിയെ പിടിച്ചതോടെ ഇതെല്ലാം അസ്ഥാനത്തായെന്ന കമന്റുകളും വരച്ചയാൾക്ക് അഭിനന്ദനവും നിറഞ്ഞു. എന്നാൽ ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് മുൻ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയും സ്‌കെച്ച് ആർട്ടിസ്റ്റുമായ എ.ആർ. അജിത്കുമാർ. ഇതടക്കം സംസ്ഥാനത്തെ വിവിധ കേസുകൾക്കാണ് അജിത്കുമാർ സ്വന്തം വരയിലൂടെ തുമ്പും തുരുമ്പുമുണ്ടാക്കിയത്. കുപ്രസിദ്ധ കള്ളൻ ബണ്ടിചോറിന്റെയും വട്ടപ്പാറ ആര്യാ കൊലക്കേസ് പ്രതി രാജേഷിന്റെതും അടക്കമുള്ള രേഖാചിത്രങ്ങൾ അജിത്തിന്റെ വരകളിലൂടെ പുറത്തെത്തിയത് കേസുകളിൽ വഴത്തിരിവുണ്ടാക്കി. പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടവർ നൽകുന്ന വിവരണം അതേപടി പക‌ർത്തുന്നതിന് പുറമെ തന്റേതായ നിരീക്ഷണവും പരിചയസമ്പത്തും ഓരോ രേഖാചിത്രത്തിനും അജിത്ത് ഉപയോഗപ്പെടുത്തും. മ്യൂസിയം അതിക്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിന് നിർണായകമായ രേഖാചിത്രം തയ്യാറാക്കാൻ അജിത്തിന് സഹായകമായത് അതിക്രമം നേരിട്ട വനിതാ ഡോക്ടറുടെ സഹകരണമാണ്. വിവരങ്ങൾ കിട്ടി 20 മിനിട്ടിനുള്ള ചിത്രം പൂർത്തിയാക്കി കാണിച്ചതോടെ അവർ ഏറക്കുറെ ഉറപ്പിച്ചു. ഇതിനിടെ മീശയും താടിയും ഇല്ലാതെയുള്ള സ്കെച്ചും അന്വേഷണ സംഘത്തിന് വരച്ചുനൽകി. സി.സി ടിവി ദൃശ്യങ്ങൾ പുറത്തെത്തിയതോടെ അക്രമി ഇതുതന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്ത പാച്ചല്ലൂർ സ്വദേശി അജിത്ത്കുമാർ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയായിട്ടാണ് വിരമിച്ചത്.