mukkonivaramp

മുടപുരം: മുടപുരം നെൽപ്പാടത്തിന്റെ തോട്ടുവരമ്പ് തകർന്ന് 'കൊല്ല ' വീണിട്ട് രണ്ടാഴ്ച കഴിഞ്ഞു. തകർന്ന തോട്ടുവരമ്പ് അധികൃതർ ശരിയാക്കാത്തതിനാൽ ഇനി കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് മുടപുരത്തെ നെൽകർഷകർ. കഴിഞ്ഞ തവണത്തെ കൃഷിക്ക് നല്ല വിളവ് ലഭിക്കുമെന്ന് മോഹിച്ച കർഷകർക്ക് യഥാസമയം കൊയ്ത്തുയന്ത്രം ലഭിക്കാത്തതിനാലും വയലിൽ വെള്ളം കെട്ടിനിന്നതിനാലും തൊഴിലുറപ്പ് തൊഴിലാളികളെ ലഭിക്കാത്തതിനാലും യഥാസമയം നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ കർഷകർക്ക് ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടം ഉണ്ടായി. അതിനാൽ സാമ്പത്തികമായി തകർന്നിരിക്കുന്ന കർഷകർക്ക് തകർന്ന തോട്ടുവരമ്പ് നന്നാക്കാനുള്ള ത്രാണിയില്ല. ശക്തമായ മഴയിലുണ്ടായ രൂക്ഷമായ വെള്ളപ്പാച്ചിലാണ് മുടപുരം നെൽപ്പാടത്തിന്റെ തോട്ടുവരമ്പ് തകരുന്നത്. ഇപ്പോൾ തുടർച്ചയായി മൂന്നാം തവണയാണ് 'കൊല്ല' വീഴുന്നത്. തോട്ടുവരമ്പ് ഇടിഞ്ഞു കിടക്കുന്നതിനാൽ അതുവഴി തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം പാടത്തുകയറും. അതിനാൽ കർഷകർക്ക് കൃഷിയിറക്കാൻ കഴിയില്ല. ആഴ്ചകൾക്ക് മുൻപ് കൊയ്ത്തു നടന്നുകൊണ്ടിരുന്ന സമയത്താണ് വരമ്പ് തകർന്നത്. അതുമൂലം പലകർഷകർക്കും നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

പരിഹാരമില്ലാതെ നിവേദനം

തകർന്നുകിടക്കുന്ന തോട്ടുവരമ്പ് ശരിയാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതി കിഴുവിലം കൃഷി ഭവനിൽ അപേക്ഷ നൽകിയിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പലതവണ ജനപ്രതിനിധികൾക്കും സർക്കാരിലും നിവേദനം നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. ഇതിൽ കർഷകർക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 'കൊല്ല' ശരിയാക്കാത്തതിനാൽ വരുന്ന കൃഷിക്കുള്ള നെൽവിത്തും കൃഷിഭവനിൽ നിന്ന് പാടശേഖരസമിതി എടുത്തിട്ടില്ല.

സൈഡ് വാളുകൾ വേണം

മുടപുരം, ചേമ്പുംമൂല നെൽപാടങ്ങൾക്ക് നടുവിലൂടെയാണ് മുക്കോണി തോട് കടന്നു പോകുന്നത്. മുട്ടപ്പലത്തു നിന്നും മരങ്ങാട്ടുകോണത്തുനിന്നും വരുന്ന രണ്ട് തോടുകൾ മുക്കോണി പാലത്തിൽ വച്ച് ഒന്നിച്ച് ഒഴുകി മഞ്ചാടിമൂട് കായലിൽ ചേരുന്നതാണ് മുക്കോണി തോട്. പായലും വേസ്റ്റുകളും നിറഞ്ഞു കിടക്കുന്നതിനാൽ ശക്തമായി മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം, ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതും തോടുവരമ്പ് തകരാൻ കാരണമാകുന്നു. അതിനാൽ തോടിന്റെ ഇരു വരമ്പുകളും ആറു മീറ്റർ വീതിയിൽ സൈഡ് വാളുകൾ നിർമ്മിച്ച് ബലപ്പെടുത്തണമെന്നത് കർഷകരുടെ ദീർഘനാളത്തെ ആവശ്യമാണ്. ഒപ്പം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കുകയും വേണം.

 ആവശ്യങ്ങൾ ഏറെ
മുടപുരം ഏലാ 11 ഹെക്ടറും ചേമ്പുംമൂല 6 ഹെക്ടറും വിസ്തൃതിയുമുള്ള നെൽപ്പാടങ്ങളാണ്. 'കൊല്ല' വീണ് കൃഷി നശിച്ചാൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. അതിനാൽ തോടുവരമ്പ് തകരാതിരിക്കാൻ, മുക്കോണി തോടിന്റെ ഇരുവരമ്പുകളും കോൺക്രീറ്റ് ചെയ്തോ സൈഡ് വാൾ കെട്ടിയോ ബലപ്പെടുത്തണ കർഷകരുടെ ആവശ്യം നടപ്പിലായില്ലെങ്കിൽ നെൽകൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. ഒപ്പം കൊയ്ത്ത് യന്ത്രം യഥാസമയം ലഭിക്കാനുള്ള സംവിധാനവും അധികൃതർ ഉണ്ടാക്കണം.