
കാറോടിക്കുന്നതിനിടയിൽ സിഗ്നലെത്തുമ്പോൾ ശിവകുമാർ പഴയകാലം ഓർമ്മിക്കും. കാൽനടയായി പഠിച്ച കാലം. പിന്നെ ആ പഴയ സൈക്കിൾ. അതുകഴിഞ്ഞ് ഒരു പഴയ ടൂവീലർ. ഒമ്പതുവരെയുള്ള സംഖ്യയെ ഇടയ്ക്കിടെ ഓർമ്മിച്ചാലേ പത്തിന്റെ വിലയും
വലിപ്പവും അറിയാനാകൂ. പത്തിൽ നിന്ന് ഒമ്പതു കുറച്ചാൽ പഴയ ഒന്നിലേക്കും പൂജ്യത്തിലേക്കും എത്താൻ വലിയ ദൂരമില്ലെന്ന് മറക്കരുത്. കണക്കു മാഷ് കൃഷ്ണൻകുട്ടിയുടെ വാക്കുകൾ ശിവകുമാർ പൊടിതട്ടിയെടുക്കും. ജീവിതത്തിലെ സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും അതിലുണ്ടെന്ന് തോന്നാറുണ്ട്.
പ്രതിമാസം കനത്ത ശമ്പളം കിട്ടുന്ന കമ്പനിയിലേക്ക് കൃത്യസമയത്തിന് മുമ്പേ ശിവകുമാർ എത്തും. വഴിയിലെ സിഗ്നലുകൾ, ഉണ്ടാകാനിടയുള്ള ബ്ളോക്കുകൾ എന്നിവ കൂടി കണക്കിലെടുത്തായിരിക്കും യാത്ര പുറപ്പെടൽ. കമ്പനിയെത്തുന്നതിന് രണ്ടുകിലോമീറ്റർ മുമ്പ് ഒരു സിഗ്നലുണ്ട്. ചിലപ്പോൾ സിഗ്നൽ തകരാറിലാകും. അല്പസമയം അവിടെ ചെലവിടേണ്ടിവരും. മുകളിലെ മേൽപ്പാലത്തിലൂടെ പായുന്ന വാഹനങ്ങൾ. മേല്പാലം താങ്ങുന്ന കൂറ്റൻ തൂണിനരികെ പലപ്പോഴും ഒരു വൃദ്ധനെ കാണാറുണ്ട്. അച്ഛനെക്കാൾ പ്രായം വരും. അതിലേറെ പ്രായം തോന്നിക്കും. സീബ്രാലൈനിനിപ്പുറം നിർത്തിയിടുന്ന വാഹനങ്ങൾക്കരികിലേക്ക് വൃദ്ധൻ ചെല്ലും. ചിലർ ഗ്ളാസ് താഴ്ത്തി വല്ലതും കൊടുത്തെന്നിരിക്കും. ചിലർ രൂക്ഷമായി നോക്കും. മറ്റ് ചിലർ കളിയാക്കി ചിരിക്കും. കൊടുത്താലുമില്ലെങ്കിലും നേരിയ ഒരു ചിരി കാണും. പരിഭവങ്ങളൊഴിഞ്ഞ സൗമ്യഭാവം. ഒന്നോ രണ്ടോ വാഹനങ്ങൾക്കരികിലെത്തുമ്പോഴേക്കും പച്ച സിഗ്നൽ തെളിയും. ക്ഷണ വിശ്രമത്തിനുശേഷം വാഹനങ്ങൾ വീണ്ടും ചീറിപ്പായും. ഇതുവരെ ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും സ്ഥിരമായി കണ്ട് കണ്ട് ശിവകുമാറിന് ആ മുഖവും വേച്ചുവേച്ചുള്ള നടപ്പും യാത്രയുടെ ഒരു ഭാഗമായിരിക്കുന്നു.
ഒരു അവധി ദിവസം സിഗ്നലിന് സമീപമുള്ള വർക്ക്ഷോപ്പിൽ ശിവകുമാർ എത്തിയപ്പോഴും ആ വൃദ്ധനുണ്ട്. പതിവ് ഭാവചലനങ്ങളും. പേഴ്സിൽ നിന്ന് ഒരു വലിയ നോട്ടെടുത്തു നൽകിയപ്പോഴും വലിയ ഭാവഭേദമില്ല. ഒരു ഭിക്ഷക്കാരനെക്കാൾ ഒരു ജ്ഞാനിയുടെ മുഖഛായയാണയാൾക്കെന്ന് തോന്നി. അഷ്ടാവക്രഗീതയിൽ പറയുന്നുണ്ടല്ലോ: ഒരാഗ്രഹവുമില്ലാത്ത ജ്ഞാനി ശാന്തനായി ജീവിക്കുന്ന ആളെ കാണുമ്പോൾ അയാളെ സ്തുതിക്കാറില്ല. ദുഷ്ടനെ കാണുമ്പോൾ അയാളെ സ്തുതിക്കാറില്ല. വർക്ക്ഷാപ്പിൽ കുറെ സമയമെടുക്കുമെന്നതിനാൽ ശിവകുമാർ അയാളുമായി സംസാരിച്ചു. കർണാടകത്തിലെ ഉഡുപ്പി സ്വദേശിയാണ്. കേരളത്തിൽ വന്നിട്ട് കാൽനൂറ്റാണ്ട്. ഒരു ചിട്ടിക്കമ്പനി നടത്തിയിരുന്നു. കാര്യസ്ഥൻ വ്യാജരേഖകൾ ചമച്ച് എല്ലാം തട്ടിയെടുത്തു. ഉള്ളതുവിറ്റ് കുറെപ്പേർക്ക് പണം നൽകി. അതോടെ വീട്ടുകാരും എഴുതിത്തള്ളി. വിശ്വസിച്ച് ചിട്ടിയിൽ ചേർന്ന നൂറുകണക്കിനാളുകൾക്ക് പണം നൽകാനുണ്ട്. അവരുടെ മുഖത്തു നോക്കാനാകില്ല. അങ്ങനെ നാടുവിട്ടു. അതിന്റെ പ്രായശ്ചിത്തമാണ് ഈ പിച്ചതെണ്ടൽ. ജീവിക്കാൻ ഇതൊക്കെ മതി. അയാൾ സംതൃപ്തിയോടെ ചിരിച്ചു. അയാളുടെ സൗമ്യമുഖം ഓരോ ദിവസവും ശ്രദ്ധിക്കും. മരിച്ചുപോയ ഏതോ ബന്ധുവിന്റെ ഛായ. കഴിഞ്ഞ രണ്ടാഴ്ചയായി ആ മുഖം കാണാറില്ല. പകരം ഒരു യുവതി ആ സ്ഥാനം കൈയടക്കിയിരിക്കുന്നു. കറുപ്പും വെളുപ്പും കലർന്ന സീബ്രാലൈൻ കടന്ന് അയാൾ എങ്ങോട്ടുപോയിരിക്കും?
ഫോൺ: 9946108220