1

വിഴിഞ്ഞം: പറവകളുടെ അന്നദാതാവായ കെ. ബാഹുലേയനെ കാണാൻ കെ.എ.ബാഹുലേയൻ എത്തി. പതിറ്റാണ്ടുകളോളം പുളുങ്കുടി, ആഴിമല പ്രദേശങ്ങളിൽ പ്രാവുകൾ ഉൾപ്പെടെയുള്ള പറവകൾക്ക് മുടങ്ങാതെ ഭക്ഷണം നൽകിയിരുന്ന പുളുങ്കുടി ബാബു പാലസിൽ കെ.ബാഹുലേയൻ (91) ഇന്ന് വാർദ്ധക്യകാല അസുഖത്താൽ വിശ്രമത്തിലാണ്. ഇദ്ദേഹത്തിന്റെ സുഖാന്വേഷണവുമായാണ് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ കെ.എ.ബാഹുലേയൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. തികഞ്ഞ ശ്രീനാരായണ ഭക്തനും ആഴിമല ശിവക്ഷേത്രം ഇന്നത്തെ ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുൻപ് ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകിയ വ്യക്തിയാണ് കെ.ബാഹുലേയൻ. ഇയാളുടെ പക്ഷി സ്നേഹം നാട്ടുകാർക്ക് കൗതുകമായിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ജീപ്പിലെ പതിവ് സഞ്ചാരത്തിനിടെയാണ് പ്രാവുകളോട് ഇഷ്ടം തോന്നുന്നത്. ഒരു പ്രാവിന് തീറ്റ നൽകി ഒടുവിൽ നൂറുകണക്കിന് പ്രാവുകൾക്കായി ചാക്ക് കണക്കിനാണ് ഗോതമ്പ് വാങ്ങിയിരുന്നത്. അതും സ്വന്തം പെൻഷൻ കാശിൽ നിന്ന് ഒരു ഭാഗം നീക്കിവച്ചായിരുന്നു. വിശ്രമത്തിലായതിനാൽ പ്രാവുകൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയാത്ത പരിഭവം ഇപ്പോഴും ആ മുഖത്തുണ്ട്. ബാഹുലേയൻമാർ ഏകദേശം ഒരു മണികൂറോളം വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് പിരിഞ്ഞത്.