
ബാലരാമപുരം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഇരട്ടച്ചുവട്മുറയിൽ ഒന്നാം സ്ഥാനം നേടി ആദിത്യനും അവന്തികയും. കാട്ടാക്കട വീരണകാവ് പുന്നയ്ക്കാലവിള പുത്തൻവീട്ടിൽ മണികണ്ഠൻ-പ്രീത ദമ്പതികളുടെ മക്കളാണ് ഇരുവരും. ആദിത്യൻ നടുവൻതറട്ട ഗവ.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലും അവന്തിക ഇതേ സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥിയുമാണ്. ആറ് വയസ്സുകാരൻ ആദിത്യനും നാല് വയസ്സുകാരി അവന്തികയും നെയ്യാർ ജലാശയത്തിലെ ജലനിരപ്പിൽ പൊങ്ങിക്കിടന്ന് മണിക്കൂറുകളോളം പ്രാവീണി പ്രാണായാമം ചെയ്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പഠനത്തോടൊപ്പം കളരിമുറകളും അഭ്യസിക്കാൻ ഇരുവരും മിടുക്കരാണ്. ജില്ലയിൽ പ്രമുഖ യോഗകളരി കേന്ദ്രമായ ശിവമർമ്മകളരി ആൻഡ് യോഗ സെന്ററിൽ കാട്ടാക്കട വീരണകാവ് ബ്രാഞ്ചിൽ സുരേഷ്കുമാർ ഗുരുക്കളെ ശിക്ഷണത്തിലാണ് യോഗയും കളരിയും അഭ്യസിക്കുന്നത്. സുരേഷ് ഗുരുക്കളുടെ കീഴിൽ ശിവമർമ്മകളരിയിലെ പരിശീലകയും ഊരൂട്ടമ്പലം സരസ്വതി വിദ്യാലത്തിലെ യോഗ അദ്ധ്യാപികയുമായ പ്രീയയും ആദിത്യനേയും അവന്തികയേയും യോഗമുറകൾ പഠിപ്പിക്കുന്നു. 14 വയസ്സിന് മുകളിലുള്ളവർക്കാണ് സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത. ഇക്കാരണത്താൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ കുരുന്നുകൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.