
തിരുവനന്തപുരം:നാൽപത് നാൾ നീണ്ടുനിൽക്കുന്ന നാരായണീയ പാരായണത്തിന് പദ്മനാഭസ്വാമിക്ഷേത്രത്തിൽ തുടക്കമായി.തെക്കേനടയിലെ ശ്രീവൈകുണ്ഠം കല്ല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മുൻ മിസോറം ഗവർണറും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവുമായ കുമ്മനം രാജശേഖരൻ നാരായണീയത്തിന്റെ പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാരായണ സ്വാമിക്ക് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭക്തസംഘം ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കേ നടയ്ക്കും പടിഞ്ഞാറെ നടയ്ക്കുമിടയിലുള്ള കന്നിമൂലയിലെ മണ്ഡപത്തിൽ വച്ച് പുഷ്പാഞ്ജലി സ്വാമിയാർ അനുഗ്രഹം നൽകിയതോടെയാണ് പാരായണചടങ്ങുകൾ ആരംഭിച്ചത്.
ഡിസംബർ 13 മുതൽ 23 വരെ നടക്കുന്ന 38-ാമത് അഖലഭാരത ശ്രീമദ് ഭാഗവത സത്രത്തിന് മുന്നോടിയായാണ് നാൽപത് ദിവസത്തെ നാരായണീയപാരായണം നടത്തുന്നത്.വിവിധ നാരായണീയ സമിതികളുടെ നേതൃത്വത്തിൽ ദിവസവും രാവിലെ 6 തൊട്ട് ഉച്ചയ്ക്ക് 1വരെയാണ് പാരായണം.