
തിരുവനന്തപുരം: സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മിന്ന രഞ്ജിത്തിനെ തിരഞ്ഞെടുത്തു. വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് സ്‌കൂളിലെ ആറാം ക്ലാസ്സ്
വിദ്യാർത്ഥിനി നന്മ.എസ് ആണ് പ്രസിഡന്റ്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഉമ എസ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഐ.ടി പ്രൊഫഷണൽ രഞ്‌ജിത്തിന്റെയും മാനേജ്‌മെന്റ് കൺസൾട്ടന്റ് ജിനു റാണി ജോർജ്ജിന്റേയും മകളാണ് മിന്ന.
വിപ്രോയിലെ ഐ.ടി പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റെയും ഡോ. ദിവ്യ ശ്രീകുമാറിന്റെയും മകളാണ് നന്മ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്റർ ടി.കെ. സുജിത്തിന്റെയും അഭിഭാഷക എം.നമിതയുടെയും മകളാണ് ഉമ.എസ്. എം.ജി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ സഹോദരനാണ്.
ശിശുദിന പൊതുയോഗത്തിൽ എസ്.എസ്.ഡി ശിശുവിഹാർ യു.പി.എസിലെ നാലാം ക്ലാസ്
വിദ്യാർത്ഥിനി പാർവണേന്ദു എസ് സ്വാഗതവും വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ
നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗതമി എം.എൽ നന്ദിയും പറയും.
പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് നന്മ എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ ഉമ.എസ് മുഖ്യപ്രഭാഷണം നടത്തും.'നേടിയതൊന്നും പാഴാക്കരുതേ; അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര
പ്രതിരോധം എന്നതാണ് ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ പ്രമേയം.