
ചിറയിൻകീഴ്: മത്സ്യത്തൊഴിലാളികളുടെ മരണമുഖമായി മാറിയ പെരുമാതുറ മുതലപ്പൊഴിയിലെ അപകട കാരണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം ഇന്നലെ മുതലപ്പൊഴി സന്ദർശിച്ചു. പുനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരാണ് വ്യാഴാഴ്ച രാവിലെയോടെ മുതലപ്പൊഴിയിൽ എത്തിയത്.
സി.ഡബ്ലൂ.പി.ആർ.എസിലെ ഡോ.ജെ.സിൻഹ, ബി.ആർ. റിയാടേ, ഡോ.എ.കെ.സിംഗ് എന്നിവരും ഹാർബർ വകുപ്പ് ചീഫ് ഇഞ്ചിനിയർ ജോമോൻ കെ.ജോർജ്, ഡെപ്യൂട്ടി ചീഫ് ഇഞ്ചിനീയർ ടി.വി.ബാലചന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർമാരായ ബീഗം അമീന, വിപിൻ.വി, ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കലക്ടർ വിനീത്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, പഞ്ചായത്തംഗങ്ങളായ സൂസി, ഫാത്തിമ ഷാക്കിർ തഹസീൽദാർ വേണു എന്നിവരും പങ്കെടുത്തു.
പുലിമുട്ടിന്റെ നീളം കൂട്ടി വീതി വർദ്ധിപ്പിച്ച് ഹാർബർ സുരക്ഷിതമാക്കാൻ ആകുമോ എന്നും സംഘം പരിശോധിക്കും.
ഇന്നലെ നടന്ന പരിശോധനയിലെ വിവരങ്ങൾ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാറിന് കൈമാറുക. മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ സി.ഡബ്ലൂ. പി.ആർ.എസിനെ ചുമതപ്പെടുത്തി കഴിഞ്ഞ മാസം തുറമുഖ വകുപ്പ് ഉത്തരവിറക്കിയിരുന്നു.