
തിരുവനന്തപുരം: ജലസ്രോതസുകൾ മലിനമാകുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 'തെളിനീരൊഴുകും നവകേരളം'- പ്രചാരണ പദ്ധതിയുടെ തുടർച്ചയായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മലംഭൂതം എന്ന പേരിൽ സംഘടിപ്പിക്കുന്ന വിജ്ഞാന വ്യാപന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കക്കൂസ് മാലിന്യം ഉൾപ്പെടെ മലിനജലം സംസ്‌കരിക്കാനുള്ള പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. പദ്ധതികൾ നടപ്പാക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് ലഭ്യമാക്കും. നഗരസഭയുടെ മുട്ടത്തറയിലെ മലിനജല സംസ്‌കരണ പദ്ധതി മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മലംഭൂതം ക്യാമ്പയിൻ ലോഗോ പ്രകാശനവും ബോധവത്കരണ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ശുചിത്വ മിഷൻ സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്ക് വി.കെ.പ്രശാന്ത് ക്യാഷ് പ്രൈസ് കൈമാറി. യൂണിസെഫ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ ബോധവത്കരണ സാമഗ്രികളുടെ പ്രകാശനം നിർവഹിച്ചു. വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ ശുചിത്വ മിഷൻ തയാറാക്കിയ ഭാഗ്യമുദ്രയും ആനിമേഷൻ വീഡിയോയും പ്രകാശനം ചെയ്തു. കാസർകോട്ടെ ബേദഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ പ്രസംഗിച്ചു.