തിരുവനന്തപുരം: ഗതാഗത സാക്ഷരത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 'സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത' പദ്ധതി അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവണം. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളിലെ പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകണം. പാഠ്യപദ്ധതി പരിഷ്‌കരിക്കപ്പെടുമ്പോൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കും.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. കേരള റോഡ് സുരക്ഷാ അതോറിറ്റിയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.