greeshma

പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയെ ഇന്നലെ വൈകിട്ടോടെ അട്ടക്കുളങ്ങര വനിതാജയിലേക്ക് മാറ്റി. പൊലീസ്‌ കസ്റ്റഡിയിൽ വച്ച് ബാത്ത്റൂം ക്ളീനറായ ലൈസോൾ കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗ്രീഷ്മയെ ശാരീരിക പ്രശ്നങ്ങൾ മാറിയതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഡിസ്ചാർജ്ജ് ചെയ്തത്. മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പൊലീസ് കാവലിലാണ് ഗ്രീഷ്‌മ കഴിഞ്ഞിരുന്നത്.

തെളിവെടുപ്പിനടക്കം ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗ്രീഷ്‌മ ചികിത്സയിലായതിനാൽ കോടതി അനുവദിച്ചില്ല. മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരുടെ കസ്റ്റഡി അനുവദിച്ചു. ഗ്രീഷ്മയ്ക്കായി ക്രൈബ്രാഞ്ച് ഇന്ന് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡി അനുവദിച്ചാലുടൻ മൂന്നുപേരെയും ഒരുമിച്ച് തെളിവെടുപ്പിനായി രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിക്കാനാണ് തീരുമാനം. നിലവിൽ ഗ്രീഷ്മയുടെ വീട് പൂട്ടി സീൽ ചെയ്തിരിക്കയാണ്.