sharone

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു. കൃത്യം നടന്ന സ്ഥലവും തൊണ്ടിമുതൽ കണ്ടെടുത്തതുമെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിക്കണമോ എന്ന കാര്യത്തിൽ റൂറൽ എസ്.പി നിയമോപദേശം തേടിയിരുന്നു. അതിൻമേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. കേരള പൊലീസ് തന്നെ കേസ് തുടർന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയതായി ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്നും ഷാരോണിന്റെ കുടുംബം അറിയിച്ചു.

ഡിവൈ.എസ്.പി ഹാജരാകും

കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോൺസനോട് ഇന്ന് ഹാജരാകാൻ നെയ്യാറ്റിൻകര കോടതി നിർദ്ദേശിച്ചു. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നത് പാലിക്കാത്തതിനാലാണിത്. ഇന്ന് ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ നൽകുന്നതിനൊപ്പം ഡിവൈ.എസ്.പി കോടതിയിൽ ഹാജരാകും.

 മൊഴിയെടുത്തു

ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിൽ എത്തിച്ച സുഹൃത്ത് റെജിൻ, ഷാരോണിന്റെ അമ്മാവൻ സത്യശീലൻ, സഹോദരൻ ഷിമോൻരാജ് എന്നിവരുടെ മൊഴി ഇന്നലെ ജില്ലാക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ എത്തിയതും തിരിച്ചിറങ്ങിയശേഷം ഛർദ്ദി ഉണ്ടായതുമടക്കമുള്ള കാര്യങ്ങൾ റെജിൻ മൊഴിയിൽ വിശദമാക്കി. ആശുപത്രിയിലായതടക്കമുള്ള കാര്യങ്ങൾ ബന്ധുക്കളുടെ മൊഴിയിലുണ്ട്.