ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റു. ഒന്നാം നിലയിലെ ഇടനാഴിയിൽ നിന്നാണ് കുട്ടി താഴെ വീണത്. വീഴ്ചയുടെ ആഘാതത്തിൽ വലതു കാൽമുട്ടിന് താഴെ ചെറിയ പൊട്ടലുണ്ട്. അദ്ധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ആശുപത്രിയിലെത്തി കുട്ടിയോടും ആശുപത്രി അധികൃതരോടും സംസാരിച്ചു. കാലിന് പറ്റിയ പരിക്ക് ഒഴിച്ചാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും കാര്യമായ ക്ഷതമേറ്റിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. പാരപ്പെറ്റിലൂടെ ഊർന്ന് നിരങ്ങി വീണതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു. ഏറെ നേരത്തെ നിരീക്ഷണത്തിനൊടുവിൽ രക്ഷകർത്താക്കൾക്കൊപ്പം കുട്ടിയെ വീട്ടിലേയ്ക്കയച്ചു.