
തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയത്ത് പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി സന്തോഷിന്റെ നിയമനത്തെച്ചൊല്ലി വാട്ടർ അതോറിട്ടിയിലെ ഇടതുയൂണിയനായ കേരള വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയനും (സി.ഐ.ടി.യു) ഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ നൽകുന്ന കരാറുകാരനും തമ്മിൽ വാക്പോര്.
സന്തോഷ് ആർ.എസ്.എസ് പ്രവർത്തകനാണെന്നും കരാറടിസ്ഥാനത്തിൽ നിയമിച്ചത് കേരള കോൺഗ്രസാണെന്നുമാണ് യൂണിയന്റെ ആരോപണം. എന്നാൽ സന്തോഷിനെ കരാർ ഡ്രൈവറായി നിയമിച്ചത് യൂണിയൻ പറഞ്ഞിട്ടാണെന്ന് കരാറുകാരൻ ഷിജിൽ ആന്റണി പറഞ്ഞു. താൻ കരാർ എടുക്കുംമുമ്പേ സന്തോഷ് വാട്ടർ അതോറിട്ടിയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നെന്നും ഷിജിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വാട്ടർ അതോറിട്ടിയിൽ നിയമനവും തൊഴിൽവിന്യാസവുമൊക്കെ നടത്തുന്നത് കരാർ ജീവനക്കാരുടെ യൂണിയനാണെന്നും ആരോപിച്ചു. ഇങ്ങനെ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ രേഖകൾ ഒന്നും തന്റെ പക്കൽ ഇല്ല. ശമ്പളം വാങ്ങാൻ വരുമ്പോൾ മാത്രമാണ് താൻ സന്തോഷിനെ കാണാറുള്ളതെന്നും ഷിജിൽ പറഞ്ഞു. എന്നാൽ, വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് എംപ്ളോയിസ് യൂണിയൻ ആവശ്യപ്പെട്ടു.
കാർ തിരിച്ചെടുത്തു
ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചിരുന്ന ഇന്നോവ കാർ വാട്ടർ അതോറിട്ടി ഇന്നലെ തിരിച്ചെടുത്തു. വാട്ടർ അതോറിട്ടിയുടെ കാറാണിത്. ഈ കാറിലെത്തിയാണ് പ്രതി സന്തോഷ് കുറവൻകോണത്തും മ്യൂസിയത്തും അതിക്രമം കാട്ടിയത്.