students

തിരുവനന്തപുരം: നഗരത്തിലെ സ്‌കൂളിൽ പത്താംക്ലാസുകാരനെ ടോയ്‌ലെറ്റിൽ തള്ളിയിട്ട് ചവിട്ടി അവശനാക്കി പ്ളസ് ടു വിദ്യാർത്ഥികളുടെ റാഗിംഗ് ക്രൂരത. തലയ്‌ക്ക് ഉൾപ്പെടെ ക്ഷതമേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുമാരപുരം മരിയൻ വില്ല കോൺവെന്റ് സ്‌കൂളി​ൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

പത്താം ക്ലാസ് വിദ്യാർത്ഥിയായ മെഡിക്കൽ കോളേജ് ക്വാട്ടേഴ്സിൽ താമസിക്കുന്ന ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ഇ.ടി. വിജയകുമാറിന്റെയും മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ ഹെഡ് നഴ്സ് കെ. ബിന്ദുവിന്റെയും മകനായ ഇ.വി​. നവീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം നവീനും രണ്ട് കൂട്ടുകാരും ടോയ്‌ലെറ്റിലേക്ക് പോയി. അകത്തേക്ക് കയറിയതിന് പിന്നാലെ പ്ളസ്‌ ടു വിഭാഗത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ അകത്തേക്ക് കയറി നവീനൊപ്പമുണ്ടായിരുന്ന കുട്ടിയെ മർദ്ദിച്ചു. ഇതോടെ അവനെ കൊല്ലരുതേ എന്ന് നിലവിളിച്ച നവീനെ സംഘം തറയിൽ തള്ളിയിച്ച് ചവിട്ടി. തലയ്‌ക്ക് ഉൾപ്പെടെ ചവിട്ടേറ്റു. പിന്നാലെ നവീൻ ക്ലാസിലെത്തി. യൂണിഫോമിൽ ഉൾപ്പെടെ ഷൂവിട്ട് ചവിട്ടിയ പാടുകൾ കണ്ടെങ്കിലും അദ്ധ്യാപകർ പ്രതികരിച്ചില്ലെന്ന് നവീന്റെ മാതാപിതാക്കൾ പറഞ്ഞു.

വൈകിട്ട് നാലോടെ ക്ലാസ് അദ്ധ്യാപിക നവീന്റെ അമ്മയെ വിളിച്ച് മകന്റെ യൂണിഫോമിൽ അഴുക്കും പാടുകളും ഉണ്ടെന്നും അത് കാര്യമാക്കേണ്ടെന്നും കുട്ടികൾ തമ്മിൽ കളിച്ചതിനിടെ സംഭവിച്ചതാണെന്നും പറഞ്ഞു. അദ്ധ്യാപിക നിസാരമായി പറഞ്ഞതോടെ അമ്മ ബിന്ദു അത് കാര്യമായി എടുത്തില്ല. എന്നാൽ സ്‌കൂൾ വിട്ട് ട്യൂഷന് പോയ നവീന് അവിടെ വച്ച് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൂടെയുള്ള കുട്ടികൾ നവീനെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. വീട്ടിലെത്തിയ നവീൻ അപ്പോഴേക്കും തളർന്ന നിലയിലായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. റാഗിംഗ് ആയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസെത്തി നവീന്റെ അച്ഛൻ വിജയകുമാറുമായി സംസാരിച്ചു. ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും വിജയകുമാർ പറഞ്ഞു.