paadam

കിളിമാനൂർ: മടവൂർ ഗവൺമെന്റ് എൽ.പി.എസ് ആനക്കുന്നം ഏലായിൽ 'പാഠം ഒന്ന് പാടത്തേക്ക്'എന്ന സന്ദേശവാക്യമുയർത്തി നടീൽ ഉത്സവം സംഘടിപ്പിച്ചു.വിദ്യാലയത്തിലെ കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ നടീൽ.കർഷക വേഷത്തിൽ അണിനിരന്ന കുഞ്ഞുകൂട്ടുകാർ ഞാറ്റുപാട്ടുകൾ പാടി ആഹ്ലാദതിമിർപ്പിലാണ് ഞാറുനട്ടത്.കൃഷി മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം മാത്രമല്ലെന്നും ജൈവവൈവിധ്യ സംരക്ഷണത്തിൽ കൃഷി നൽകുന്ന സംഭാവനകൾ ഏറെയാണെന്നും കൃഷി ഉദ്യോഗസ്ഥനായ ശ്രീകുമാർ കുട്ടികളോട് പറഞ്ഞു.വയൽ ജൈവവൈവിധ്യത്തിന്റെ കലവറ,പ്രകൃതിയിലെ പരസ്പരാശ്രയത്വം,ഭക്ഷ്യസുരക്ഷ തുടങ്ങി ക്ലാസുകളിലെ പരിസര പഠനാശയങ്ങൾ എസ്.ആർ.ജി കൺവീനർ സുപ്രഭ വിശദീകരിച്ചു.കർഷകനായ സജിത് സൗജന്യമായി വിട്ടു നൽകിയ കൃഷി ഭൂമിയിലാണ് നടീൽ ഉത്സവം നടന്നത്.ഹെഡ്മാസ്റ്റർ അശോകൻ,കൃഷി ഉദ്യോഗസ്ഥനായ അരുൺജിത്തു,രക്ഷാകർത്താക്കൾ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.