
നാഗർകോവിൽ: പ്രാരാബ്ദങ്ങൾക്കിടയിലും തളരാതെ പൊരുതി പോരാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി കന്യാകുമാരി സ്വദേശി ശ്രീരാജ്. കന്യാകുമാരി ജില്ലയിലെ മഞ്ഞാലുമൂട് സ്വദേശിയും മലയാളിയുമായ ശാന്തപ്പൻ - ശുശീല ദമ്പതികളുടെ മകനാണ് ചിത്രക്കാരനായ ശ്രീരാജ് (34). കുഞ്ഞിലെ തന്നെ അച്ചനെ നഷ്ടപ്പെട്ട ശ്രീരാജിനെ കൂലിപണി ചെയ്ത് വളർത്തിയത് അമ്മയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചെറിയ ചിത്രങ്ങൾ വരച്ചിരുന്ന ശ്രീരാജ് കഴിഞ്ഞ 2013ലാണ് മുൻ ഇന്ത്യൻ പ്രസിഡന്റ് അബ്‌ദുൾകലാമിന്റെ ചിത്രം വരച്ച് ആദ്യ വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. 109 ചാർട്ട് പേപ്പർ ഉപയോഗിച്ച് 25 അടി ഉയരത്തിലും 20 അടി വീതിയിലും ഏഴു മണിക്കൂർ കൊണ്ട് ചാർകോൾ പെൻസിൽ ഉപയോഗിച്ചാണ് ചിത്രം വരച്ചത്. 2014ൽ 1.5 ലക്ഷം പൊട്ടിയ ഗ്ലാസ്‌ച്ചിലുകൾ ഉപയോഗിച്ച് 42 അടി ഉയരത്തിലും 16അടി വീതിയിലും നിർമ്മിച്ച സാന്താക്ലോസിനായിരുന്നു രണ്ടാമത്തെ വേൾഡ് റെക്കോർഡ്. ഭാരത് സേവക് സമാജ് ദേശിയ പുരസ്കാരവും നേടിയിട്ടുണ്ട്.
ഇപ്പോൾ ആദ്യമായി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ശ്രീരാജ്. തീപ്പെട്ടികോൽ ഉപയോഗിച്ച് നിർമ്മിച്ച ചാർളി ചാപ്ലിന്റെ ചിത്രത്തിനാണ് ഗിന്നസ് റെക്കോർഡ് നേടിയത്. 24 സ്ക്വയർ ഫീറ്റുള്ള പ്ലൈവുഡിൽ 6 അടി നീളത്തിലും 4 അടി വീതിയിലും 3,57,216 തീപ്പെട്ടി കോൽ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചത്. 40 കിലോ തീപ്പട്ടികോലിന് 6500 രൂയും യാത്ര ചിലവ് 800 രൂപയുമാണ് ചിലവായത്. 4 മാസമാണ് ചിത്രം നിർമ്മിക്കാൻ വേണ്ടിവന്നു.