അറുപതിനായിരം കിലോമീറ്റർ പൂർത്തിയാക്കി
തിരുവനന്തപുരം: രണ്ടുപതിറ്റാണ്ടിലധികം പഴക്കമുളള സ്‌കൂട്ടറിൽ 72 വയസുളള അമ്മയെ ഇരുത്തി നേപ്പാളും ഭൂട്ടാനും മ്യാൻമാറും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ചുറ്റിക്കറങ്ങി മൈസൂരു ബോഗാഡി സ്വദേശി നാല്പത്തിനാലുകാരൻ ഡി.കൃഷ്‌ണകുമാർ തിരുവനന്തപുരത്തെത്തി. ഇന്നലത്തെ യാത്രയോടെ മാതാവ് ചൂഡാരത്നവുമൊത്തുളള കൃഷ്‌ണകുമാറിന്റെ സ്‌കൂട്ടർയാത്ര അറുപതിനായിരം കിലോമീറ്റർ പൂർത്തിയാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിനെത്തിയത്. പദ്മനാഭസ്വാമി ദർശനം ജീവിതത്തിലെ അസുലഭ നിമിഷമെന്ന് അമ്മയും മകനും കേരളകൗമുദിയോട് പറഞ്ഞു. ആറ്റുകാൽ ദേവിക്ഷേത്രം,പഴവങ്ങാടി ഗണപതി ക്ഷേത്രം,ശ്രീകണ്‌ഠേശ്വരം, ചാല,പുത്തൻതെരുവ്,കരമന എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങൾ,തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം തുടങ്ങിയവ കൃഷ്‌ണകുമാറും ചൂഡാരത്‌നവും സന്ദർശിച്ചു. മുൻകൂട്ടി തയ്യാറാക്കിയതനുസരിച്ചായിരുന്നില്ല യാത്ര. ഇന്ന് കന്യാകുമാരി സന്ദർശിക്കുമെന്നാണ് വിവരം. ദിവസവും 50 മുതൽ 75 കിലോമീറ്റർ വരെയാണ് യാത്ര.
വ്യാഴാഴ്‌ച വൈകിട്ട് തിരുവനന്തപുരത്തെത്തിയ ഇരുവരും ശാസ്‌തമംഗലത്തെ ശ്രീരാമകൃഷ്‌ണമിഷൻ ആശ്രമത്തിലാണ് താമസിച്ചത്.അമ്പലങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ചാണ് താമസം.ലോഡ്‌ജിൽ മുറിയെടുക്കാറില്ല.യാത്രയ്‌ക്ക് വേണ്ടി എത്ര രൂപ ചെലവഴിച്ചുവെന്ന ചോദ്യത്തിന് അമ്മയ്‌ക്ക് വേണ്ടി ചെലവാക്കുന്ന പണത്തിന്റെ കണക്ക് നോക്കാറില്ലെന്നാണ് കൃഷ്‌ണകുമാറിന്റെ ഉത്തരം.അവിവാഹിതനാണ് കൃഷ്ണകുമാർ.രണ്ടുപതിറ്റാണ്ട് മുമ്പ് ചൂഡാരത്‌നത്തിന്റെ ഭർത്താവ് ദക്ഷിണാമൂർത്തി വാങ്ങിയ സ്‌കൂട്ടറാണിത്. സ്വകാര്യ സ്ഥാപനത്തിലെ കോർപ്പറേറ്റ് മാനേജർ ജോലി രാജിവച്ചാണ് ഉലകംചുറ്റാൻ അമ്മയ്‌ക്കൊപ്പം കൃഷ്‌ണകുമാർ ഇറങ്ങിത്തിരിച്ചത്. 2018 ജനുവരി 16നായിരുന്നു ആദ്യ യാത്ര. 2020 അവസാനമാണ് യാത്ര അവസാനിച്ചത്.രണ്ടാംഘട്ടയാത്ര കഴിഞ്ഞമാസം 15ന് ആരംഭിച്ചു. ആദ്യ യാത്രയിൽ കേരളത്തിൽ പാലക്കാട് മാത്രമായിരുന്നു സഞ്ചരിച്ചത്.