
വർക്കല: വർക്കലയിൽ തെങ്ങിൻ തടിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കരുനിലക്കോട് കുഴിവിള ക്ഷേത്രം റോഡിലാണ് സംഭവം. ടിപ്പർ ലോറി ഡ്രൈവറായ വെന്നിക്കോട് തിട്ടയിൽ വീട്ടിൽ ലാജി (31), ഒപ്പമുണ്ടായിരുന്ന വലയന്റ്കുഴി സ്വദേശി അരുൺ (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കരുനിലക്കോട് ഭാഗത്ത് നിന്നും തെങ്ങുംതടി നിറച്ച പിക്കപ്പ്‌വാൻ കയറ്റം കയറവേ ലോറിയുടെ മുൻഭാഗം പൊങ്ങി 7 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേർക്കും വാഹനത്തിന് പുറത്തിറങ്ങാൻ കഴിയാതെ വാഹനത്തിനുള്ളിൽ കുടുങ്ങി. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് ഇവരെ പുറത്തെടുക്കുകയായിരുന്നു. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല.