തിരുവനന്തപുരം: സ്ഥിരനിയമനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നാല് കീഴ്ശാന്തിമാരെ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി പുറത്താക്കിയതായി പരാതി. അക്കരദേശി സമൂഹത്തിൽപ്പെട്ട ഉപാർണം നരസിംഹൻ പദ്മനാഭൻ,വെങ്കിട്ടരമണൻ കാർത്തിക്,വെങ്കിടകൃഷ്ണൻ ആനന്ദ്,വെങ്കിടകൃഷ്ണൻ അരവിന്ദ് എന്നിവരെയാണ് പുറത്താക്കിയത്. ഇവരോട് ഇന്നലെ മുതൽ ജോലിക്ക് എത്തേണ്ടെന്ന്‌ ക്ഷേത്രം ശ്രീകാര്യം വാക്കാൽ നിർദ്ദേശിക്കുകയായിരുന്നു.

അതേസമയം,​ ഇവർക്കൊപ്പം കോടതിയെ സമീപിച്ച ഹവിസിന്റെ ജോലി ചെയ്‌തിരുന്ന രണ്ട് കീഴ്ശാന്തിക്കാരെ പുറത്താക്കിയിട്ടില്ല.

സ്ഥിരം കീഴ്ശാന്തിമാർ അവധിയിലാകുമ്പോൾ പകരം നിയോഗിക്കപ്പെടുന്നവരാണ് പുറത്താക്കപ്പെട്ടവർ. നാലുപേരും എട്ടുവർഷമായി വാഹനത്തിന്റെ ഡ്യൂട്ടിയിലാണ്. ആവശ്യമുള്ളപ്പോൾ തിടപ്പള്ളി,ശീവേലി എന്നിവയുടെ ജോലികളും ചെയ്‌തിരുന്നു. 500 രൂപയാണ് ദിവസവേതനം. സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ സെപ്‌തംബർ 29ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ക്ഷേത്രത്തിലെ 24 കീഴ്ശാന്തിമാരിൽ നിലവിൽ മൂന്ന് ഒഴിവുണ്ട്. കഴിഞ്ഞ മാസം ക്ഷേത്ര ഭരണസമിതി ഇവരെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. സ്ഥിരനിയമനം,പി.എഫ്,ഇ.എസ്.ഐ എന്നിവയടക്കം നൽകണമെന്നാണ് കീഴ്‌ശാന്തിമാരുടെ ആവശ്യങ്ങൾ.

ക്ഷേത്രത്തിൽ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നായിരുന്നു സമിതിയുടെ നിലപാട്. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ക്ഷേത്രം രണ്ടുകോടി രൂപ സംസ്ഥാന സർക്കാരിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. 11.7 കോടി രൂപ സർക്കാരിന് തിരികെ നൽകണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശവുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥിരപ്പെടുത്താനാകില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ രേഖാമൂലം അറിയിച്ചത്. പിന്നാലെ മുന്നറിയിപ്പില്ലാതെ തങ്ങളെ പുറത്താക്കിയെന്നാണ് കീഴ്ശാ‌ന്തിമാർ പറയുന്നത്.