kandala

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടലയിലെ കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കൂടുകെട്ടിയ തേനീച്ചകൾ പ്രദേശത്ത് ഭീതിപരത്തുന്നു.കഴിഞ്ഞ ദിവസം പക്ഷി വന്നിടിച്ച് ചിതറിപ്പറന്ന തേനീച്ചകൾ അതുവഴി കടന്നുപോയവരെയൊക്കെ ആക്രമിച്ചു.തേനീച്ചയുടെ കടിയേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടി.കാറ്റിലും സമീപത്തെ വീടുകളിൽ നിന്ന് വരുന്ന പുകയ്ക്കിടയിലും തേനീച്ചകൾ കൂട്ടമായി വന്ന് നിരവധിപേരെ ആക്രമിച്ചു.അംഗണവാടിയും സർക്കാർ ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലെയും കുട്ടികൾ ഭയന്ന് ക്ലാസിൽ ഇരിക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്.തേനീച്ചയുടെ ആക്രമണം ഭയന്ന് അംഗണവാടിയിൽ കുട്ടികളെത്താത്ത സ്ഥിതിയാണിപ്പോൾ.വീണ്ടും തേനീച്ചയുടെ ആക്രമണം ഉണ്ടാകാമെന്നതിനാൽ അംഗണവാടിയിലെത്തുന്ന കുട്ടികളെ പുറത്തിറക്കുന്നതിനും കഴിയുന്നില്ല.തേനീച്ച ആക്രമണം കാരണം സമീപത്തെ വർക്ക്ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്നിട്ട് ദിവസങ്ങളായി.അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.