 വില നിയന്ത്രിക്കാൻ സഹകരിക്കാമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: ആന്ധ്ര അരി,​ മട്ട അരി എന്നിവയുടെ വിലയിലെ വർദ്ധന നേരിട്ട് ബോദ്ധ്യപ്പെട്ട് ജില്ലാകളക്ടർ ജെറോമിക് ജോർജ്. വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളിൽ അദ്ദേഹം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

മൊത്തവ്യാപാരക്കടകളിലെ ജയ അരിയുടെ മൊത്തവ്യാപാര ബില്ലും ബന്ധപ്പെട്ട രജിസ്റ്ററുകളും പരിശോധിച്ചപ്പോൾ 'ജയ' എന്ന പേരിൽ വിൽക്കുന്ന അരി, മട്ട എന്നിവയുടെ വിലയിലാണ് വർദ്ധന കണ്ടെത്തിയത്. തുടർന്ന് പ്രമുഖ മൊത്തവ്യാപാരികളുമായി നടത്തിയ ചർച്ചയിൽ നിലവിലുള്ള വിലയിൽ വർദ്ധനയുണ്ടാകാത്ത രീതിയിൽ ഒരു മാസം വില്പന നടത്താമെന്നും അരിവില നിയന്ത്രിക്കുന്നതിന് സർക്കാരിന്റെ നടപടികളുമായി സഹകരിക്കാമെന്നും അവർ കളക്ടർക്ക് ഉറപ്പുനൽകി.

അതേസമയം​ പയറുല്പന്നങ്ങളുടെ വിലയിൽ വർദ്ധന കണ്ടെത്തിയില്ല. കരിഞ്ചന്ത,പൂഴ്‌ത്തിവയ്‌പ്,കൃത്രിമ വിലക്കയറ്റം എന്നിവയും കണ്ടെത്താനായില്ല. വിലനിലവാര ബോർഡുകൾ പ്രദർശിപ്പിക്കാതിരിക്കൽ, അളവുതൂക്ക സംബന്ധമായ വ്യത്യാസങ്ങൾ, ഭക്ഷ്യസുരക്ഷാ ലൈസൻസുകൾ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകൾ നടത്തിയ വ്യാപാരികൾക്ക് നോട്ടീസ് നൽകി. അരി വിൽക്കുന്ന എട്ടും പലവ്യഞ്ജനവും പച്ചക്കറിയും വിൽക്കുന്ന നാലുവീതവും സവാള, ഉള്ളി എന്നിവയുടെ ഓരോ മൊത്തവ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്.

തിരുവനന്തപുരം താലൂക്കിൽ അഞ്ചും നെയ്യാറ്റിൻകര താലൂക്കിലെ മൂന്നും ചിറയിൻകീഴ്,നെടുമങ്ങാട് താലൂക്കുകളിലെ നാല് വീതവും വർക്കല,കാട്ടാക്കട താലൂക്കുകളിലെ രണ്ടുവീതവും മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയില്ല. ജില്ലാ സപ്ലൈ ഓഫീസർ,ഫുഡ് സേഫ്റ്റി ഓഫീസർ,ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാർ,സിറ്റി റേഷനിംഗ് ഓഫീസർ,പൊലീസ് ഉദ്യോഗസ്ഥർ,റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. താലൂക്ക് തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ നടത്തുന്ന പരിശോധന തുടരുമെന്ന് കളക്ടർ പറഞ്ഞു.