
തിരുവനന്തപുരം: ഉദ്യോഗസ്ഥരെല്ലാം ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പി. രാജീവ്. ' ലാളിത്യമുള്ള മലയാളമായിരിക്കണം. ഏത് കൊച്ചുകുട്ടിക്കും വായിച്ചാൽ മനസ്സിലാകണം,' നിയമ വകുപ്പ് (ഔദ്യോഗികഭാഷ പ്രസിദ്ധീകരണ സെൽ) സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്ക് വേണ്ടിയല്ല എന്ന ചിന്ത വരുമ്പോഴാണ് ഫയലിലെ ഭാഷ ഇംഗ്ലീഷ് ആകുന്നത്. കാര്യം മനസ്സിലാവാതെ വരുമ്പോഴാണ് കടുപ്പമുള്ള ഭാഷ തിരഞ്ഞെടുക്കുന്നത്. വിഷയം ആഴത്തിൽ മനസിലാക്കിയാൽ ഭാഷ സ്വയമേ ലളിതമാകും. മലയാളത്തിൽ തന്നെയുള്ള ആശയവിനിമയം ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രാഥമികമായി ഭാഷ സംവേദനത്തിന് വേണ്ടിയുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെല്ലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം, നിയമം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിഭാഷാ മത്സരവും സംഘടിപ്പിച്ചു.