തിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകൾ ബസുകളില്ലെന്ന കാരണം പറഞ്ഞു സ്വകാര്യ മേഖലയ്‌ക്ക് നൽകാനുള്ള തീരുമാനം കെ.എസ്.ആർ.ടി.സിയെ തകർക്കുന്നതിന്റെ രണ്ടാം ഘട്ടമാണെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. ലാഭകരമായിരുന്ന ദീർഘദൂര സർവീസുകൾ സ്വിഫ്ട് കമ്പനിക്ക് കൈമാറിയതാണ് ഇതിന്റെ ഒന്നാംഘട്ടം.
യു.ഡി.എഫ് സർക്കാർ സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് സ്വകാര്യവ്യക്തികളുടെ കൈയിൽ നിന്ന് സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ആ റൂട്ടുകളാണ് ഇപ്പോൾ സ്വകാര്യമേഖലയ്‌ക്ക് നൽകുന്നത്. അടിയന്തരമായി ബസുകൾ വാങ്ങി നൽകിയില്ലെങ്കിൽ 2030ഓടെ ഏകദേശം എല്ലാ ബസുകളും കെ.എസ് ആർ.ടി.സി ക്ക് റോഡിൽ ഇറക്കാൻ പറ്റാത്ത സ്ഥിതിയാകും. റൂട്ടുകളുടെ പെർമിറ്റുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകുവാനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമ പോരാട്ടങ്ങൾക്ക് റ്റി.ഡി.എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.