തിരുവനന്തപുരം: വർഗീയശക്തികൾ ചാൻസലറെ ഉപയോഗിച്ച് സർവകലാശാലകളെ വർഗീയവത്കരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പി.ബിജു അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയചിന്താഗതി വിദ്യാർത്ഥി സമൂഹത്തെ ശിഥിലമാക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയാകെ പരിഹാസ്യമായി.അക്കാഡമിക്ക് ഭാഗങ്ങളിലേക്ക് അതിക്രമിച്ച് കയറി അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയാണ്.ജില്ലയിൽ എസ്.എഫ്.ഐയെ പോലെ കരുത്തുളള വിദ്യാർത്ഥി സംഘടന വേറെയില്ല. അതിനുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ നേതാവാണ് പി.ബിജു.യുവജനക്ഷേമ ബോർഡിനെ അദ്ദേഹം ഫലപ്രദമായി പ്രവർത്തിപ്പിച്ചെന്നും ജയരാജൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ഷിജുഖാൻ, ജില്ലാ ട്രഷറർ വി.എസ്.ശ്യാമ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എ.വിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്‌, വിദ്യാമോഹൻ എന്നിവർ പങ്കെടുത്തു.