
തിരുവനന്തപുരം: സുപ്രീംകോടതി നിയമനം റദ്ദാക്കിയ ഡോ. എം.എസ്.രാജശ്രീക്ക് പകരം സാങ്കേതിക സർവകലാശാല വി.സിയായി ചുമതലയേൽക്കാനെത്തിയ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പ്രൊഫ. സിസാ തോമസിനെ ജീവനക്കാരും എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞു. തുടർന്ന് പൊലീസെത്തിയാണ് വി.സിയെ അകത്തേയ്ക്ക് കടത്തിയത്. ഒപ്പുവച്ച് ചുമതലയേൽക്കാൻ രജിസ്റ്ററും നൽകിയില്ല. രജിസ്ട്രാർ സ്ഥലത്തില്ലായെന്നറിയിച്ചതിനെ തുടർന്ന് വെള്ളപേപ്പറിൽ ജോയിനിംഗ് റിപ്പോർട്ട് എഴുതി ഉടനടി ഗവർണർക്ക് കൈമാറാനും അവർ നിർദ്ദേശിച്ചു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സിസാ തോമസ് ചുമതലയേൽക്കാനെത്തിയത്. കാറിലെത്തിയ അവരെ സർവകലാശാലാ കവാടത്തിൽ പ്രതിഷേധക്കാർ തടഞ്ഞു. പൊലീസ് വലയത്തിൽ നടന്നാണ് അവർ ഉള്ളിലേയ്ക്ക് കടന്നത്. സർവകലാശാലയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഡി.ജി.പി അനിൽകാന്തിനോട് ഗവർണർ നിർദ്ദേശിച്ചിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറടക്കം പ്രധാന ജീവനക്കാരെല്ലാം സമരത്തിലുണ്ടായിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം പ്രതീക്ഷിച്ചതാണെന്നും ജീവനക്കാർ പ്രതിഷേധിച്ചത് തന്നെ ഞെട്ടിച്ചെന്നും സിസാതോമസ് പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പദവിക്കു പുറമെ താത്കാലികമായി വി.സിയുടെ അധികചുമതലയാണ് തനിക്കുള്ളത്. താനല്ല വൈസ്ചാൻസലർ. പുതിയ വി.സി വരുന്നതു വരെ വിദ്യാർത്ഥികൾക്കു വേണ്ടി ചുമതല നിർവഹിക്കുമെന്നും ഗവർണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്റെ കടമയാണെന്നും സിസാ തോമസ് പറഞ്ഞു.