നെടുമങ്ങാട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒ.പി മുടക്കം പതിവായതായി പരാതി. ചികിത്സ തേടി എത്തുന്നവർക്ക് ആവശ്യമായ എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും സർക്കാരും ജില്ലാ പഞ്ചായത്തും ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഡോക്ടർമാരുടെ അലംഭാവമാണ് രോഗികൾക്ക് ദുരിതം സമ്മാനിക്കുന്നത്.

ശ്വാസകോശം, ത്വക്ക് രോഗ വിഭാഗങ്ങളിലെ ഡോക്ടർമാർ സ്ഥിരമായി ഒ.പികളിൽ ഹാജരാകുന്നില്ലെന്നാണ് പരാതി. ഈ വിഭാഗം ഡോക്ടർമാർ ആശുപത്രിയുടെ സമീപത്തെ സ്വകാര്യ പ്രാക്ടീസ് റൂമുകളിൽ മാത്രമേ രോഗികളെ പരിശോധിക്കാറുള്ളൂവെന്നും പരാതിയുണ്ട്. കൃത്യമായി പ്രവർത്തിക്കുന്ന ജനറൽ മെഡിസിൻ,ജനറൽ ഒ.പി,ഗൈനിക്,പീഡിയാട്രിക്,കാഷ്വാലിറ്റി,സർജറി വിഭാഗങ്ങളിൽ എപ്പോഴും രോഗികളുടെ തിക്കും തിരക്കുമാണ്. ആത്മാർത്ഥതയുള്ള ഈ ഡോക്ടർമാർ ഡ്യൂട്ടി സമയം കഴിഞ്ഞും ഒ.പിയിൽ തങ്ങി രോഗികളെ പരിശോധിക്കുകയാണ്. മറ്റ് ഒ.പികൾ കൂടി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഏറെ ആശ്വാസമായേനെ. ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടർമാരെ കണ്ടെത്തി നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.