കാട്ടാക്കട:കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ ബാംബൂ കോർപ്പറേഷന്റെ ഈറ്റ ഡിപ്പോകൾ തുറക്കാത്തതിനാൽ പരമ്പരാഗത പനമ്പ് നെയ്ത്ത് തൊഴിലാളികൾ പട്ടിണിയിൽ.കാട്ടാക്കട മേഖലയിലെ മംഗലയ്ക്കൽ, പാപ്പനം,അമ്പലത്തിൻകാല,കുരുതംകോട്,കുച്ചപ്പുറം,കാട്ടാക്കട,കിള്ളി എന്നിവിടങ്ങളിലാണ് പനമ്പ് നെയ്ത്ത് തൊഴിലാളികൾ ഏറെയുള്ളത്.മംഗലയ്ക്കൽ ഡിപ്പോ രണ്ടുവർഷത്തോളമായി അടഞ്ഞു കിടക്കുന്നു.വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂരിൽ ഒരു യന്ത്രവത്കൃത പനമ്പ് നെയ്ത്ത് ശാല പഞ്ചായത്ത് പണിത് ബാംബൂ കോർപ്പറേഷന് കൈമാറിയിരുന്നു.ഇതിന്റെ ഉദ്‌ഘാടനം നടന്നിട്ട് ഒരു വർഷത്തോളമായിട്ടും തുറന്നിട്ടില്ല.ഡിപ്പോകൾ തുറക്കാത്തതിനാൽ കോർപ്പറേഷന്റെ ഈറ്റ വിതരണമില്ല.ഈറ്റ കിട്ടാതായതോടെ തൊഴിലെടുക്കാനാകാത്ത സ്ഥിതിയാണ്.സംബന്ധിച്ച് പരമ്പരാഗത ഈറ്റ,തഴ,കാട്ടുവള്ളി വർക്കേഴ്സ് യൂണിയൻ കോർപ്പറേഷനും സർക്കാരിനും നിവേദനം നൽകിയിട്ടും തുടർ നടപടി ഉണ്ടാകുന്നില്ല.അടിയന്തരമായി ഡിപ്പോകൾ തുറന്ന് തൊഴിലാളികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കണമെന്ന് ഈറ്റ,തഴ,കാട്ടുവള്ളി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജി.ഷൻമുഖൻ ആവശ്യപ്പെട്ടു.