ktd

കാട്ടാക്കട: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കാട്ടാക്കട ട്രഷറിക്ക് പുതിയ മന്ദിരം വേണമെന്ന ആവശ്യം ശക്തം. ചുമരുകളിൽ വിള്ളൽ വീണും കോൺക്രീറ്റ് മേൽക്കൂര തകർന്നും അപകടാവസ്ഥയിലായ നിലയിലാണ് കെട്ടിടം. ഗ്രാമീണ മേഖലകളിലെ വയോധികരായ പെൻഷൻകാരും ജീവനക്കാരുമൊക്കെ ഭയപ്പാടിലാണ് കാട്ടാക്കട റൂറൽ ജില്ലാ ട്രഷറിയിൽ എത്തുന്നത്. പെൻഷൻകാർ നിൽക്കുന്നതിന് മുകളിലെ സിമന്റ് പാളി അടുത്തിടെ പൊളിഞ്ഞു വീണിരുന്നു. ഇവിടെ നിന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ട്രഷറി കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. കെട്ടിടത്തിന്റെ ചുമരുകളിലൊക്കെ വിള്ളൽ വീണു. മേൽക്കൂരയിലെ കോൺക്രീറ്റ് പാളി എപ്പോൾ താഴേയ്ക്ക് വീഴുമെന്ന് പറയാനാകില്ല. ശക്തമായ മഴ സമയത്ത് ചുമരിലൂടെ വെള്ളം ഊർന്നിറങ്ങി തറ മുഴുവൻ വെള്ളമാകും.

ട്രഷറി അവഗണയിൽ

കാട്ടാക്കടയിലെ മറ്റ് സർക്കാർ ഓഫീസുകൾക്ക് പുതിയ മന്ദിരം ആയെങ്കിലും കാട്ടാക്കട ട്രഷറി അവഗണയിലാണ്. പൊതുമരാമത്ത് കെട്ടിടങ്ങൾക്കെല്ലാം കാലാവധി 50വർഷമാണ്. അതനുസരിച്ചാണെങ്കിലും പുതിയ കെട്ടിടം പണിയേണ്ട കാലം കഴിഞ്ഞു. 2018ൽ ബഡ്ജറ്റിൽ ട്രഷറിയുടെ പുതിയ കെട്ടിടത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. പുതിയ ട്രഷറി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതി ടി.ഐ.ഡി.പി. നിലവിലുണ്ട്. സർക്കാർ ഈ പദ്ധതിക്ക് തുകയും നീക്കിവച്ചിട്ടുണ്ട്.

മലയിൻകീഴ് ട്രഷറി ഉൾപ്പെടെ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആവശ്യത്തിന് സ്ഥലമുള്ള കാട്ടാക്കടയിൽ ട്രഷറിക്കായി ഒരു ബഹുനില മന്ദിരമുണ്ടായാൽ വലിയ സൗകര്യങ്ങൾ ഏർപ്പെടുത്താനാകും. സംസ്ഥാനത്തെ ട്രഷറികളെ ആധുനിക സൗകര്യങ്ങളുള്ള ബാങ്ക് സമാനമായി മാറ്റുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ അതിനുള്ള നടപടികൾ ഉണ്ടാകുന്നില്ല. മാത്രവുമല്ല ട്രഷറിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. വയോധികരായ പെൻഷൻകാർ വാഹനങ്ങളിൽ എത്തിയാൽ ഇവർക്ക് വിദൂര സ്ഥലങ്ങളിൽ പാർക്ക് ചെയ്തിട്ടുവേണം ട്രഷറിയിൽ എത്താൻ. തിങ്കളും വ്യാഴവും കാട്ടാക്കട മാർക്കറ്റ് ദിവസങ്ങളായതിനാൽ ഈ ദിവസങ്ങളിൽ എത്തുന്ന വയോധികൾക്ക് ട്രഷറിയിക്ക് മുന്നിൽപ്പോലും വാഹനം നിറുത്തി ഇറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്.