കാട്ടാക്കട: ബഡ്ജറ്റ് ടൂറിസം വന്നതോടെ കാട്ടാക്കട ഡിപ്പോയിലെ സർവീസുകൾ മുടങ്ങുന്നത് പതിവാകുന്നതായി പരാതി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമീണ മേഖലയായ കാട്ടാക്കടയിൽ അഞ്ചോളം സർവീസുകളാണ് ഇത്തരത്തിൽ മുടങ്ങിയത്. കണ്ടക്ടർമാർ കൂട്ടത്തോടെ ടൂർ പോയതാണ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാൻ കാരണമെന്നാണ് ആക്ഷേപം. ബഡ്ജറ്റ് ടൂറിസം വകുപ്പിന് വരുമാനം നേടി കൊടുക്കുന്നുണ്ടെങ്കിലും നിറഞ്ഞ സീറ്റുകളിൽ യാത്ര ഉറപ്പിക്കാൻ ജീവനക്കാർ കൂടെ ടൂർ പാക്കേജ് ബുക്ക് ചെയ്ത് വിനോദ യാത്രകളിൽ പങ്കാളികൾ ആകും. എന്നാൽ പകരം സംവിധാനം ഇല്ലാതെ ഒരേ ഡിപ്പോയിൽ നിന്നും കൂടുതൽ പേർ ഇത്തരത്തിൽ പോകുന്നതോടെ ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാൻ അധികൃതർ നിർബന്ധിതരാകുന്നു. ഇതോടെ പ്രധാന റൂട്ടുകൾ നിലനിറുത്തി കളക്ഷൻ കുറവായ റൂട്ടിലെ ഡ്യൂട്ടി റദ്ദ് ചെയ്ത് കണ്ടക്ടർമാരെ പ്രധാന റൂട്ടിലേക്ക് അയക്കും. ഇതോടെ ഈ ഭാഗത്തേക്ക് യാത്രാക്ലേശം ഉണ്ടാകുന്നത് പതിവാണ്.
റദ്ദ് ചെയ്യുന്നത്
നെയ്യാർ ഡാം, കീഴാറൂർ, കുരുതംകോട്, കുറ്റിച്ചൽ പ്രദേശത്തേക്കുള്ള ബസുകൾ
നഷ്ടക്കണക്ക്
ഒരു ജീവനക്കാരൻ ആയിരമോ ആയിരത്തി അഞ്ഞൂറോളം രൂപയോ ബഡ്ജറ്റ് ടൂറിസത്തിന് മുടക്കി ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് വരുമാനം വർദ്ധിപ്പിക്കാൻ പങ്കാളിയാകുമ്പോൾ ഈ വ്യക്തിക്ക് പകരം ആളെ അയയ്ക്കാനില്ലത്തതുകാരണം റൂട്ട് റദ്ദ് ചെയ്യുന്നതിലൂടെ ഒരു ദിവസം പതിനായിരത്തോളം രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.
പരിഹാരം കണ്ടെത്തണം
കണ്ടക്ടർമാരും ഡ്രൈവർമാരും കൂട്ടത്തോടെ അവധി എടുത്ത് ബഡ്ജറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് മൂലം വകുപ്പിന് സാധാരണ ഗതിയിൽ വരുന്ന വരുമാനത്തിനേക്കാൾ കാര്യമായ നഷ്ടമാണ് സംഭവിക്കുന്നത്. ബഡ്ജറ്റ് ടൂറിസത്തെ വളർത്തുന്നതിനൊപ്പം സാധാരണക്കാരന്റെ യാത്രാ ദുരിതത്തിനും ഇത്തരത്തിലെ വരുമാന നഷ്ടത്തിനും പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
ബഡ്ജറ്റ് ടൂറിസം വകുപ്പിന് വരുമാനം നേടിക്കൊടുക്കുന്നുണ്ടെങ്കിലും മറ്റൊരു തരത്തിൽ കോർപ്പറേഷന് നഷ്ടമാണുണ്ടാക്കുന്നത്. ഡിപ്പോകളിൽ ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ ഡിപ്പോകൾക്ക് മികച്ച കളക്ഷൻ ലഭ്യമാക്കാനാകും. എന്നാൽ കോർപ്പറേഷന്റെ ചില പരിഷ്കാരങ്ങൾ നാശത്തിലേക്ക് നയിക്കും.
രാഗീഷ് രാജ, കാട്ടാക്കട.