കാേവളം: സൂഫീകേന്ദ്രങ്ങൾ മതസൗഹാർദ്ദത്തിന്റെ കേന്ദ്രങ്ങൾ കൂടിയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിഴിഞ്ഞം മുഹ്‌യിദ്ദീൻ പള്ളി ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂഫീകേന്ദ്രങ്ങൾ മനുഷ്യനെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ്. വൈജ്ഞാനിക ചികിത്സാകേന്ദ്രങ്ങൾ കൂടിയാണ് അവ. നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസത്തിന്റെ ഭാഗമാണ്. വിഴിഞ്ഞം ഉറൂസ് കൂടുതൽ വികസിപ്പിക്കാൻ സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അതിന് ടൂറിസം വകുപ്പ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെക്കുംഭാഗം മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ് ഡോ. എച്ച് എ റഹ്‌മാൻ അദ്ധ്യക്ഷനായി. ഹാഫിസ് ഉവൈസ് മന്നാനി പ്രാർത്ഥന നിർവഹിച്ചു. എം. വിൻസെന്റ് എം.എൽ. എ മുഖ്യപ്രഭാഷണം നടത്തി. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വിഴിഞ്ഞം ഇടവക വികാരി ഫാദർ മെൾക്കൺ, തെക്കുംഭാഗം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സത്താർ ബാഖവി കായംകുളം, ജമാഅത്ത് സെക്രട്ടറി യു. സുധീർ, ട്രഷറർ എൻ.എം. സാദിഖ്, കൗൺസിലർ നിസാമുദ്ദീൻ, വിഴിഞ്ഞം സിറാജുൽ ഇസ്ളാം ഹയർ സെക്കൻഡറി മദ്റസ പ്രസിഡന്റ് എം. അബ്‌ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും ചേർന്ന് ദഹരാമുട്ടിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.