തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കടയ്ക്കൽ സ്വദേശികളായ ശശിധരൻ, സിന്ധുകുമാർ, സുജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. മഴ സമയത്ത് മെഡിക്കൽ കോളേജ് കാമ്പസ് റോഡുവഴി ആർ.സി.സിയിലേക്ക് പോകുന്നതിനിടെ

പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച കാർ തലകീഴായി മറിയുകയായിരുന്നു. വഴിയാത്രക്കാരും പൊലീസും ചേർന്ന് കാറിലുണ്ടായിരുന്നവരെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ട കാ‌ർ റിക്കവറി വെഹിക്കിളിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.