വിഴിഞ്ഞം: പാച്ചല്ലൂർ മുടിപ്പുരയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്നലെ രാത്രി 7ഓടെയുണ്ടായ അപകടത്തിൽ പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആൽബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാച്ചല്ലൂരിൽ നിന്ന് കോവളത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ഹോട്ടലിലെ ഡെലിവറി ബോയിയായ ആദർശായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് വളവ് തിരിഞ്ഞുവന്ന ലോറി കണ്ട് ബൈക്ക് നിറുത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തിരുവല്ലം പൊലീസ് കേസെടുത്തു.