
കേരളത്തിലെ പൊലീസിനെയും സാദാ മനുഷ്യന്മാരെയും എവിടെവച്ചും ഏത് നേരത്തും ഏത് വേഷത്തിലും കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. അതും പിണറായി സഖാവ് ഭരിക്കുന്ന കാലത്ത്. പൊലീസ് പൊലീസാണെന്നും മറ്റേത് സാദാ മനുഷ്യനാണെന്നും തിരിച്ചറിയാം. കാക്കിക്കുപ്പായവും കാക്കി പാന്റുമിട്ട് കണ്ടാൽ അത് പൊലീസായിരിക്കുമല്ലോ, അതുകൊണ്ട് ഇതിലെന്താണിത്ര പ്രത്യേകതയെന്ന് നിങ്ങൾ ചോദിച്ചേക്കാം. അതല്ല സംഗതി. കാക്കിയല്ലാതെ മുണ്ടും ഷർട്ടുമിട്ട് നടക്കുന്ന വേഷപ്രച്ഛന്ന പൊലീസുകാരനെയും കണ്ടാൽ പൊലീസാണെന്ന് തിരിച്ചറിയാം എന്നാണ്.
മുണ്ടുടുത്ത് നടക്കുന്ന പൊലീസുകാരനെ തിരിച്ചറിയാൻ പ്രത്യേക പരിശീലനത്തിന്റെയൊന്നും ആവശ്യമില്ല. ആ ശരീരത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക. അതിൽ അവിടവിടെയായി ചില എല്ലുകൾ പൊങ്ങി നിൽക്കുന്നത് കാണാനാവും. സാദാ മനുഷ്യന്മാരേക്കാളും ഓരോ എല്ല് വീതം ഓരോ പൊലീസുകാരനിലും കൂടുതലായി ഉണ്ടെന്ന് സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുള്ള നരവംശ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഈ എല്ലെണ്ണത്തിന്റെ സവിശേഷത കാരണം മുമ്പത്തെ ചില പൊലീസുമന്ത്രിമാർ
ഇംഗ്ലീഷിൽ പൊലീസിന് ഒരു എൽ അക്ഷരം അധികമായി സംഭാവന ചെയ്തിട്ടുണ്ട്.
കേരള പൊലീസിന് മാത്രമേയുള്ളൂ ഈ പ്രത്യേകത എന്നാണ് പറയുന്നത്. അത് ഈ പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ കിടക്കുന്നത് കൊണ്ടുള്ള സവിശേഷതയാണ്. എല്ല് കൂടുതലുള്ളത് കാരണം മൃദുഭാവേ, ദൃഢ കൃത്യേ എന്നാണ് ആപ്തവാക്യം. സംഗതി വളരെ മൃദുലമാണ്. തരളിതമാണ്. ലോലമാണ്. കഠോരമല്ല. കഠിനഹൃദയമില്ല. കാര്യങ്ങളിലും കിറുകൃത്യം. ദൃഢ കൃത്യേ. ലോകത്തിന്നേവരെ ഒരു ഭരണാധികാരിക്കും തോന്നാത്ത കരുതലും സ്നേഹവും കൊണ്ട് ഈ പൊല്ലീസിനെ സംരക്ഷിക്കാനുള്ള ബാദ്ധ്യതയേറ്റെടുത്തത് കേരളത്തിലെ പിണറായി സഖാവ് മാത്രമായിരുന്നു. നാടിന്റെ ഭാവിയെ ചിന്തിക്കാൻ അദ്ദേഹത്തിന് മാത്രം തോന്നിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. മറ്റാരുടെയോ ഒക്കെ കുറ്റമായിരുന്നു.
സഖാവ് ആദ്യം ചെയ്തത് ഈ സ്പീഷീസ് പൊലീസിന്റെ വംശം കുറ്റിയറ്റ് പോവാതിരിക്കാനായി സഖാവിന് ചുറ്റിലുമായി പത്ത്-നൂറ് പൊലീസുകാരെ നിരത്തിനിറുത്തുകയെന്ന ഏർപ്പാടായിരുന്നു. ഇത് വളരെ ശാസ്ത്രീയമായൊരു പദ്ധതിയാണ്. ലോകത്ത് അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത സംഗതി. ഇങ്ങനെ നിറുത്തിയ പൊലീസുകാർ മൃദു ഭാവേ, ദൃഢകൃത്യേ ആയി പെരുമാറിത്തുടങ്ങി എന്നതാണ് അതിശയിപ്പിച്ച കാര്യം. സഖാവിന് പോകാൻ റോഡിൽ കുറച്ച് സ്ഥലം മതിയെന്നാകിലും ഈ പൊലീസുകാരന്മാർക്കെല്ലാം ചേർന്ന് നിൽക്കാൻ പശ്ചിമഘട്ടം മുഴുവനായും വേണ്ടതുണ്ട്. അതുകൊണ്ട് സഖാവ് കടന്നുപോകുന്ന പഞ്ചായത്തിനെയാകെ കുറേ നേരത്തേക്ക് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുകയാണ് ഈ പൊലീസുകാർ ആദ്യം ചെയ്യുക. ആ നേരത്ത് ആ പഞ്ചായത്തിലെ ഏതെങ്കിലുമൊരു സാദായ്‌ക്ക് തീവണ്ടി പിടിച്ച് എങ്ങോട്ടെങ്കിലും പോകണമെന്നാണെങ്കിൽ ഒന്നുകിൽ തീവണ്ടിയോട് കാത്തിരിക്കാൻ പറയുക അല്ലെങ്കിൽ സാദാമനുഷ്യൻ പോകണ്ടാ എന്ന് സ്വയം തീരുമാനിക്കുക. പരിസ്ഥിതിലോല മേഖലയാവുമ്പോൾ കുറേ ത്യാഗങ്ങൾ സഹിക്കേണ്ടതായിട്ടുണ്ട്. അതിന് ആരെയും കുറ്റം പറയാനാവില്ല.
പിണറായി സഖാവിന്റെ കാലത്ത് കേരളത്തിലെ പൊലീസിന് വംശനാശം സംഭവിച്ചു എന്നാരും പറയില്ല. വംശം അഭിവൃദ്ധിപ്പെട്ട് വന്നിട്ടേയുള്ളൂ. പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലുന്നവർക്ക് നടയടി, ഗരുഡൻതൂക്കം, കുമ്മിയടി, പാണ്ടിമേളം, പഞ്ചാരിമേളം എന്നിത്യാദി കലകളൊക്കെ അഭ്യസിപ്പിച്ച് കൊടുക്കണമെന്ന് പഠിപ്പിച്ചത് കടുവാ മാത്തനേഡോ കോൺഷബിൾ കുട്ടൻപിള്ളയോ ആയിരുന്നെങ്കിലും അത് പൂർവാധികം ഭംഗിയായും കലാപരമായും നടപ്പാക്കിയത് ഈയിടയ്ക്ക് പിണറായിസഖാവിന്റെ കിളികൊല്ലൂരിലെ പൊലീസാണ്. അത് ആ സംരക്ഷണം കൊണ്ടുണ്ടായ ഭാഗ്യം. ആറ്റിങ്ങലിൽ തേരാപാരാ നടന്ന ഒരു കുട്ടിയോട് ദൃഢകൃത്യേ പെരുമാറിയ പിങ്ക് പൊലീസിന്റേത് ഉജ്ജ്വലമായ മാതൃകയായിരുന്നു എന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്തൊരു കരുതലാണ് ഈ പൊലീസിനെന്ന് എല്ലാവരും പറയുകയുണ്ടായി. കോഴിക്കോട്ട് ഫറോഖിൽ ഏതോ ഒരുത്തൻ പി.എസ്.സി പരീക്ഷ എഴുതേണ്ട സമയം വൈകുന്നത് കാരണം ബ്ലോക്കുള്ള റോഡ് ഒഴിവാക്കി ഇടവഴിയിലേക്ക് കയറി. അതുകണ്ട ദൃഢകൃത്യേ പൊലീസ് കൈയോടെ പിടികൂടി. അങ്ങനെ വളഞ്ഞ വഴിയേ പോയി പരീക്ഷ എഴുതാൻ മാത്രം ഈ പശ്ചിമഘട്ടത്തിൽ നീ വളർന്നോ എന്നേ ചോദിച്ചുള്ളൂ. അതൊരു മൃദുഭാവേനയുള്ള ചോദ്യമായത് കൊണ്ട് അവന് ആ പരീക്ഷ എഴുതാനായില്ല. ജോലി ഇന്ന് വരും നാളെ പോകും. പക്ഷേ, ഈ പൊലീസ് അങ്ങനെയല്ലല്ലോ.
അങ്ങനെയിരിക്കുമ്പോഴാണ് നേരമ്പോക്കിന് തലശ്ശേരിയിലെ ചവിട്ടുനാടകം കണ്ടത്. ആളെ കണ്ടാൽ മെസ്സിയെ പോലെയല്ലെങ്കിലും മെസ്സിയുടെ പവർ ആ കാലിന് ഉണ്ടായിരുന്നു. ഫുട്ബാളിലേക്ക് ആഞ്ഞ് തട്ടി ഗോൾപോസ്റ്റിലേക്ക് പറപ്പിക്കുന്ന മെസ്സിയെ പോലെയാണ് അവൻ കാറിന് ചാരിനിന്ന ചെറുക്കനെ തട്ടിയത്. ഫുട്ബാളിന്റെയത്ര പോലും വലിപ്പമില്ലാത്തത് കൊണ്ട് ആ ചെറുക്കൻ പറന്നുപോയി. ശരിക്കും സഹൃദയത്വം തുളുമ്പുന്ന പൊലീസ് എന്താണ് ചെയ്യേണ്ടത്! ആ കാലിനെ കൊണ്ടുപോയി ആദരിക്കുകയാണ്. ഗോൾഡൻബൂട്ട് കിട്ടാത്തത് കൊണ്ട് മാത്രം രാത്രി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ആദരിച്ച് നാരങ്ങാവെള്ളം കൊടുത്ത് വിട്ടതാണ്. അതിന്റെ പേരിലാണ് പൊലീസിനെ ആളുകൾ വളരെ പഴിപറയുന്നത്. ആളുകൾക്ക് എന്താണറിയുക!
ആളുകൾ തടി കയ്ച്ചലാക്കും എന്ന് തിരിച്ചറിഞ്ഞത് കൊണ്ടും വംശാഭിവൃദ്ധി ആഗ്രഹിച്ചത് കൊണ്ടും മാത്രമാണ് ആ ചവിട്ടുനാടകക്കാരനെ രണ്ടാമതും പോയി പൊലീസ് പിടിച്ചത്. അതുകൊണ്ട് ആർക്ക് നഷ്ടം. പൊലീസിന്. അതാണ് ത്യാഗം എന്നൊക്കെ പറയുന്നത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com