ആറ്റിങ്ങൽ: കുടിശിക തുക അടയ്ക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വിവാദമായി. വൈദ്യുതി കട്ടാക്കിയ വിവരം ആരും നഗരസഭയിൽ അറിയിക്കാത്തതാണ് പ്രശ്നം വഷളാക്കിയത്. രാത്രി ആയതോടെ സ്റ്റാൻഡിൽ വെളിച്ചമില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. വിവരമറിഞ്ഞ് രാത്രി 11ഓടെ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്റ്റാൻഡിലെത്തി വൈദ്യുതി പുനസ്ഥാപിച്ചു. സ്വകാര്യ ബസ്‌സ്റ്റാൻഡ് കരാറെടുത്തിട്ടുള്ളവർ ഏർപ്പെടുത്തിയ ജീവനക്കാരന്റെ അശ്രദ്ധയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കാരണം. കറണ്ട് ബില്ല് യഥാസമയം നഗരസഭയിൽ എത്തിക്കാനൊ, അധികൃതരെ വിവരമറിയിക്കാനോ ഇയാൾ തയാറാകാത്തതാണ് വൈദ്യുതി കട്ടുചെയ്യാൻ കാരണമെന്ന് ചെയർപേഴ്സൺ പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വൈദ്യുതി ബില്ല് അടക്കാത്തതിനാലാണ് കട്ടു ചെയ്യേണ്ടി വന്നതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു.