kot

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയ്ക്ക് ശ്മശാനമെന്നത് കിട്ടാക്കനിയാകുന്നു.പുതിയ നഗരസഭാ കൗൺസിൽ അധികാരത്തിലേറിയപ്പോൾ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നെയ്യാറ്റിൻകരയ്ക്ക് വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാക്കുക എന്നതായിരുന്നു.അധികാരത്തിലേറി 2 വർഷമാകാറായിട്ടും ശ്മശാനം നടപ്പാക്കിയിട്ടില്ല.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിനായി ഒരുങ്ങുകയാണ് നെയ്യാറ്റിൻകര റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ.

നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് കാൽനൂറ്റാണ്ടിലധികം പഴക്കമുണ്ട്. സമീപ പഞ്ചായത്തുകളായ മാറനല്ലൂർ,പാറശാല എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്മശാനം യാഥാർത്ഥ്യമായെങ്കിലും നഗരസഭയ്ക്ക് മാത്രം പദ്ധതി നടപ്പാക്കാനായില്ല. മാറി വരുന്ന നഗരസഭാ കൗൺസിലുകളുടെ പ്രകടന പത്രികയിലെ പ്രഥമ പരിഗണന ശ്മശാന നിർമ്മാണത്തിനായിരുന്നെങ്കിലും അധികാരത്തിലെത്തിയ ഇടത്,വലത് കൗൺസിലുകൾക്ക് ഒന്നും ചെയ്യാനായില്ല.നഗരസഭയ്ക്ക് ശ്മശാനത്തിനായി സ്വന്തമായി സ്ഥലമുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധമാണ് പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് കൗൺസിലുകളുടെ അഭിപ്രായം.


നഗരസഭയുടെ ഉടസ്ഥതയിലുള്ള 60 സെന്റ് സ്ഥലത്ത് ഗ്യാസ് ശ്മശാനം നിർമ്മിക്കാനായാണ് പദ്ധതി തയ്യാറാക്കിയത്.ഇതിനായി സ്ഥലം ചുറ്റുമതിൽ കെട്ടിത്തിരിച്ച് ശുചിത്വമിഷന്റെ സഹായത്തോടെ പദ്ധതിക്കായുള്ള ടെൻഡർ വിളിച്ചെങ്കിലും പ്രതിഷേധം കാരണം അത് പാളിപ്പോവുകയായിരുന്നു. കടവംകോട്,കോട്ടൂർ,അയണിയറത്തല കോളനികൾക്ക് സമീപത്തായാണ് നഗരസഭ പൊതുശ്മശാനം നിർമ്മിക്കാനുദ്ദേശിക്കുന്നതെന്നും,ഇവിടെ ഇടുങ്ങിയ റോഡിനിരുവശത്തുമായി താമസിക്കുന്ന കോളനിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു അഭിപ്രായം.പട്ടികജാതിക്കാരായ പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതിനായി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് മുൻ പെരുമ്പഴുതൂർ പഞ്ചായത്ത് ഭരണസമിതി വാങ്ങിയ സ്ഥലമാണ് നഗരസഭ ശ്മശാനത്തിനായി കണ്ടെത്തിയിരിക്കുന്നതെന്നും ഇവിടെ ശ്മശാനം നിർമ്മാണം നിയമപരമായി നിലനിൽക്കില്ലെന്നുമാണ് നഗരസഭ പ്രതിപക്ഷത്തിന്റെ പ്രതികരണം.