കല്ലമ്പലം: നാവായിക്കുളം കപ്പാംവിളയിൽ പേപ്പട്ടിയുടെ കടിയേറ്റ് 5 പേർക്ക് പരിക്ക്. നിരവധി നായക്കൾക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു. അക്രമാസക്തമായ നായയെ നാട്ടുകാർ തല്ലിക്കൊന്നു.നാവായിക്കുളം പറകുന്ന് എ.എസ് നിവാസിൽ സീത, കപ്പാംവിള കൊച്ചുകാട്ടിൽ വീട്ടിൽ ശാന്ത,കപ്പാംവിള സ്വദേശികളായ സുചിത, വീണ, ലക്ഷ്മി അമ്മ എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ബസിറങ്ങി വീട്ടിലേക്ക് പോയവർക്കും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവർക്കുമാണ് കടിയേറ്റത്. പിന്നിലൂടെ ഓടിവന്ന നായ എല്ലാവരുടെയും കാലിന് പിൻഭാഗത്താണ് കടിച്ചത്. ഭീതി പരത്തിയ നായയെ കണ്ട് പലരും ഓടി രക്ഷപ്പെട്ടു. കപ്പാംവിളയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. നിരവധി തവണ നാട്ടുകാർ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.