
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 16ാം വാർഡിലുൾപ്പെട്ട പറകുന്ന് - ആനാംപൊയ്ക റോഡ് ചെളിക്കുളമായി. തകർന്നടിഞ്ഞ ഈ റോഡിൽ വാട്ടർ അതോറിട്ടി അധികൃതർ കഴിഞ്ഞദിവസം ജെ.സി.ബി ഉപയോഗിച്ച് പൈപ്പ് ലൈൻ ഇട്ടതാണ് പ്രശ്നമായത്. പൈപ്പ് ലൈൻ പൊട്ടി യഥേഷ്ടം വെള്ളം പാഴാകുകയും റോഡ് ചെളിക്കളമാവുകയും ചെയ്തു. വർഷങ്ങളായി കാൽ നടയാത്ര പോലും അസാദ്ധ്യമായ റോഡ് ഇപ്പോൾ ചെളിക്കളമായ അവസ്ഥയിലാണ്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഇനിയുമുണ്ടായിട്ടില്ല. അടിയന്തിര നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ആനാംപൊയ്ക രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഓംബുഡ്മാനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.