
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തിൽ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങി ഓർക്കിഡ് കൂട്ടം. ഒന്നും രണ്ടും അല്ല, 11 ഇനത്തിൽ പെടുന്ന ഏകദേശം 800 ഓർക്കിഡുകളാണ് കനകക്കുന്നിൽ നട്ടുപിടിപ്പിച്ചത്. ലണ്ടനിലെ ക്യൂ റോയൽ ബൊട്ടാനിക്കൽ ഗാർഡൻ, സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, കേരള യൂണിവേർസിറ്റിയിലെ ബോട്ടണി വിഭാഗം, ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെ.എൻ.ടി.ബി.ജി.ആർ.ഐ) എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം വകുപ്പും സഹകരണം നൽകുന്നുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ സംഘങ്ങളായെത്തി നവംബർ ഒന്നിനാണ് ആദ്യ ഘട്ടം ആരംഭിച്ചത്.
എയർപ്പോർട്ട് റോഡിലും ഓർക്കിഡ് വിരിയും
കനകക്കുന്നിലെ തണൽമരങ്ങളിലാണ് പ്രധാനമായും ഓർക്കിഡുകൾ നട്ടുപിടിപ്പിച്ചത്. സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനിലെയും ഡയറക്ടർ എ.ഗംഗാപ്രസാദിന്റെയും ശേഖരമാണ് ഏറ്റവുമധികം ഉപയോഗിച്ചത്. ജെ.എൻ.ടി.ബി.ജി.ആർ.ഐയുടെ ഓർക്കിഡ് ശേഖരവും റോഡ് വീതി കൂട്ടിയപ്പോൾ മുറിച്ചുകളഞ്ഞ മരങ്ങളിൽ നിന്ന് ശേരിച്ച ഓർക്കിഡുകളും കനകക്കുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. എയർപ്പോർട്ട് റോഡ്,കവടിയാർ റോഡ്, ആക്കുളം അഡ്വഞ്ചർ പാർക്ക്, ശംഖുംമുഖം സുനാമി പാർക്ക് എന്നിവിടങ്ങളിലും ഓർക്കിഡുകൾ നടാൻ പദ്ധതിയുണ്ട്. അഞ്ച് വർഷം കൊണ്ട് പദ്ധതി നടപ്പിലാക്കും. 2019ൽ തുടങ്ങാനിരുന്ന പദ്ധതി കൊവിഡ് കാരണം നീണ്ടുപോകുകയായിരുന്നു.