കിളിമാനൂർ:നവീകരിച്ച റോഡ് കേടായത് ടാർ ഉരുകുന്ന ദ്രാവകം ഒഴിച്ചതിനാലാണെന്ന് പരിശോധന ഫലം. ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ചൂട്ടയിൽ വലിയവിള റോഡ് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് റീടാർ പണി പൂർത്തിയാക്കിയിരുന്നു.
പിറ്റേ ദിവസം റോഡിന്റെ 100 മീറ്ററോളം ദൂരത്തിൽ പലയിടത്തായി ടാറും മെറ്റലും ഇളകിപ്പോയിരുന്നു.ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയിൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കേടായ ഭാഗങ്ങളിൽ ടാർ അലിയിച്ചു കളയുന്ന ഏതോ ദ്രാവകം ഒഴിച്ചതായി പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ കിളിമാനൂർ പൊലീസിൽ പരാതി നൽകി.തുടർന്ന് റോഡ് പൊളിഞ്ഞു പോയ ഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിലാണ് ഡീസൽ പോലുള്ള ഏതോ ദ്രാവകം ഒഴിച്ചതാണ് റോഡ് കേടാകാൻ കാണണമെന്ന് കണ്ടെത്തിയത്.
റീ ടാറിംഗ് പണികൾ അവസാനിക്കുന്ന ദിവസം പ്രദേശവാസിയായ ഒരു യുവാവ് പ്രവൃത്തികൾ തടസപ്പെടുത്തുകയും മേൽനോട്ടം വഹിച്ചിരുന്ന വനിതാ ഓവർസിയറെ ആക്രമിക്കുകയും ചെയ്തിരുന്നു.തുടർന്ന് ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാന്റും ചെയ്തു.ഈ സംഭവ ദിവസം രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ റോഡിൽ കേട് വരുത്തിയത്. ലക്ഷങ്ങൾ ചെലവാക്കി പണികഴിപ്പിക്കുന്ന പൊതു റോഡുകൾ കേടുപാടുകൾ വരുത്തി നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്ന് ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ ആവശ്യപ്പെട്ടു.