 വിഷാംശം കലർന്ന പാനീയം കുടിപ്പിച്ചെന്നും പരാതി

നെയ്യാറ്റിൻകര: നെല്ലിമൂട്ടിലെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികളും പത്താം ക്ലാസിൽ പഠിക്കുന്ന സഹോദരങ്ങളും ചേർന്ന് ദേഹോപദ്രവം ഏല്പിക്കുകയും പ്രത്യേക പാനീയം കുടിപ്പിക്കുകയും ചെയ്‌തെന്ന് ആരോപണം. കൂട്ടപ്പന വിനുവിഹാറിൽ രാജേഷ് കൃഷ്‌ണ - ദമ്പതികളുടെ മകൻ നവനീത് കൃഷ്‌ണനാണ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് നെയ്യാറ്റിൻകര സി.ഐയ്‌ക്കും ഡിവൈ.എസ്.പിക്കും പരാതി നൽകി. കഴിഞ്ഞ 28നായിരുന്നു സംഭവം.

വിദ്യാർത്ഥിയുടെ കൈയും കാലും കൂട്ടിപ്പിടിച്ച ശേഷം പിങ്ക് നിറത്തിലുളള കേക്ക് പോലത്തെ വസ്‌തു വായിൽ തിരുകുകയും ചുവന്ന നിറത്തിലുള്ള ദ്രാവകം സിറിഞ്ചിലെടുത്തശേഷം വെള്ള നിറത്തിലുള്ള ദ്രാവകത്തിൽ കലർത്തി കുട്ടിയുടെ വായിൽ ബലമായി ഒഴിപ്പിച്ച് കുടിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിനുശേഷം അവശനായി വീട്ടിലെത്തിയ വിദ്യാർത്ഥിക്ക് നെഞ്ചുവേദനയും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസും ഫോറൻസിക് വിഭാഗവും വീട്ടിലെത്തുകയും നവനീതിന്റെ മൊഴിയെടുക്കുകയും ചെയ്‌തത്. തെളിവുകൾ ശേഖരിച്ചതായും വിഷയം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി ജുവൈനൽ ജസ്റ്റിസ് കോർട്ടിന് റിപ്പോർട്ട് നൽകുമെന്നും നെയ്യാറ്റിൻകര സി.ഐ പറഞ്ഞു. അതേസമയം വിദ്യാർത്ഥിയുടെ രക്ഷാകർത്താവ് ആരോപിക്കുന്നതായ പ്രശ്‌നങ്ങൾ നടന്നിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.ഇന്റർവെൽ സമയങ്ങളിൽ 5,10 ക്ലാസിലെ വിദ്യാർത്ഥികളെ ഒരുമിച്ച് ഗ്രൗണ്ടിൽ വിടാറില്ലെന്നും ഇവർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അഞ്ചംഗ അദ്ധ്യാപക കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.