
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കും എക്‌സ്സിയോൺവെൻസ് ഇലക്ട്രിക് ത്രീവീലർ വാഹനനിർമാണ കമ്പനിയുമായി അസംബ്ലിംഗ് കരാർ ഒപ്പിട്ടു.വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനമാർഗം കണ്ടെത്താൻ അസാപിലൂടെ ഗവ.പോളിടെക്നിക്ക് കോളേജുകളിൽ നടപ്പിലാക്കുന്ന പദ്ധതിയായ ഇൻഡസ്ട്രി ഓൺ കാമ്പസ് പ്രോജക്ടിന്റെ ഭാഗമായാണ് കരാറിൽ ഒപ്പുവച്ചത്. അസാപ് സ്റ്റേറ്റ് കോഓർഡിനേറ്റർ ഫ്രാൻസിസ് ടി.വി, ആറ്റിങ്ങൽ പോളിടെക്‌നിക്ക് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു, എക്സ്സിയോൺ വെൻസ് മാനേജിംഗ് ഡയറക്ടർ ബ്രിജേഷ്.വി എന്നിവർ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ കരാർ ഒപ്പിട്ടു.
മന്ത്രിയുടെ ചേംബറിൽ നടന്ന ധാരണാപത്രം ഒപ്പിടലിൽ ആറ്റിങ്ങൽ പോളിടെക്‌നിക്കിനെ പ്രതിനിധീകരിച്ച് ഓട്ടോമൊബൈൽ വകുപ്പ് തലവനും പ്രോജക്ട് ഓഫീസറുമായ പ്രേംജിത്ത് .വി, ഇൻഡസ്ട്രി ഓൺ കാമ്പസ് നോഡൽ ഓഫീസർ അബ്ദുൽ ബാസിത് എന്നിവരും കമ്പനിയെ പ്രതിനിധീകരിച്ച് സനിൽ കുമാർ, സി.എ, അമൃത.എം, അസിസ്റ്റന്റ് മാനേജർ അഡ്മിൻ അമല. കെ.റോയ്, അസാപിനെ പ്രതിനിധീകരിച്ച് ഇൻഡസ്ട്രി ഓൺ കാമ്പസ് കോകോഓർഡിനേറ്റർ പ്രസൂൺ.പി, പ്രോഗ്രാം ഓഫീസർ നിയാസ് അലി, പ്രജിത് കെ.കെ എന്നിവരും പങ്കെടുത്തു.