
തിരുവനന്തപുരം: ലഹരി വിമുക്ത കേരളത്തിനായി യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ലഹരി വിമുക്ത ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി ഉപയോഗിക്കുമ്പോഴുള്ള അനുഭൂതി എന്തെന്ന് അറിയുവാനായി യുവാക്കളിൽ പലരും ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്. എന്നാൽ ലഹരിക്കടിമപ്പെടുന്നവർ അതിന്റെ ഭവിഷ്യത്തുക്കളെക്കുറിച്ച് ബോധവാന്മാരല്ല.ഇത്തരക്കാരാണ് സ്ത്രീകളോടുള്ള അതിക്രമം ഉൾപ്പെടെയുള്ള കുറ്റ കൃത്യങ്ങളിൽ പങ്കാളികളാവുന്നത്.യുവാക്കൾ കലാ കായിക രംഗങ്ങളിൽ കൂടുതൽ വ്യാപൃതരാകണം.അത്തരത്തിൽ ഊർജ്ജസ്വലരായ യുവാക്കളാണ് നാളെയുടെ വാഗ്ദാനമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.കോളേജ് ചെയർമാൻ ഡോ.ബിജു രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് ബാബു,വൈസ് ചെയർമാൻ അജയ് കൃഷ്ണ പ്രകാശ്,ഡോ.മഹേഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.