കിളിമാനൂർ: അരിക്കൊപ്പം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ആന്ധ്രയിൽ നിന്നുള്ള വരവ് ഇടിഞ്ഞതോടെ ഒരുമാസത്തിനിടെ ജയ അരിക്ക് ഒരു കിലോയ്ക്ക് കൂടിയത് 13 രൂപയാണ്. കിലോഗ്രാമിന് 63 രൂപയാണ് ഇപ്പോൾ ജയ അരിയുടെ വില. മീഡിയം വെള്ള അരിക്ക് 46 രൂപയായി. ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതോടെയാണ് അരി വിപണിയിൽ വില കുതിച്ചു കയറുന്നത്. റേഷൻ കടകളിൽ കുത്തരിയുടെ വിതരണം കുറഞ്ഞതും വില ഉയരാൻ കാരണമായി.
പച്ചക്കറി ഇനത്തിൽ സവാളയും ചുവന്നുള്ളിയുമാണ് വിലകൂടിയ താരം. കഴിഞ്ഞ മാസം സവാളയ്ക്ക് കിലോയ്ക്ക് 20 രൂപയായിരുന്നത് ഇപ്പോൾ 45 രൂപയായി വർദ്ധിച്ചു. ചുവന്നുള്ളി വില 40രൂപയിൽ നിന്ന് 80രൂപയിലെത്തി. തക്കാളി, മുരിങ്ങയ്ക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയെക്കാൾ കിലോഗ്രാമിന് 10 മുതൽ 70 രൂപ വരെയാണ് വർദ്ധിച്ചത്.
വിലയിടിഞ്ഞ് എണ്ണ
എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിച്ചതോടെ പാമോയിൽ, സൺഫ്ലവർ ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 170 രൂപയായിരുന്ന പാമോയിലിന് 110ഉം 200 രൂപയായിരുന്ന സൺഫ്ലവർ ഓയിലിന് 157 ഉം ആയി വില കുറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മുളകിന് കിലോയ്ക്ക് 190 രൂപയാണ് കൂടിയത്. ഉഴുന്നിന് 15 രൂപയും പരിപ്പിന് 10 രൂപയും വർദ്ധിച്ചു.